മനം മയക്കും മലരിക്കൽ…! ആമ്പൽ  ടൂറിസം കാണാനും ടൂറിസം സാധ്യതകൾ വിലയിരുത്താനും മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച എത്തും

Spread the love

കോട്ടയം:  മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാൻ ടൂറിസം മന്ത്രിയെത്തുന്നു.

നോക്കെത്താ ദൂരത്തോളം പിങ്ക് നിറം നിറച്ച് പരന്നു കിടക്കുന്ന ആമ്പൽപ്പൂവസന്തം കാണാനും ടൂറിസം സാധ്യതകൾ വിലയിരുത്താനുമാണ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി. എ മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ ഏഴിന് മലരിക്കലിൽ എത്തുന്നത്.

ജൂൺ,ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളിൽ ആമ്പൽ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകൾ പൂക്കാൻ തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കൾ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ കാണാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതി,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്,മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്.

ആമ്പൽവസന്തത്തിലേക്ക് അതിവേഗമെത്താം

ആധുനിക നിലവാരത്തിൽ മലരിക്കലേയ്ക്കുള്ള വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാർഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം. മലരിക്കലെ ആമ്പൽ വസന്തത്തിന്റെ പ്രശസ്തിക്കൊപ്പം ഗ്രാമീണ ടൂറിസം സാധ്യതകളും ചടുലവേഗത്തിൽ വളർന്നതോടെ റോഡ് സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽനിന്ന് ഉയർന്നിരുന്നു. ഇതേത്തുടർന്നാണു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സർക്കാരിനു പദ്ധതി സമർപ്പിച്ചത്.

എങ്ങനെയെത്താം

കോട്ടയം – കുമരകം റോഡിൽ
ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പ് റോഡിലൂടെ തിരിഞ്ഞു പോകണം. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്തുനിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം.

പാർക്കിങ് സൗകര്യം

പുത്തൻ റോഡിൻ്റെ വശങ്ങളിൽ ഇരുനൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചുമാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ 30 രൂപ പാർക്കിങ് ഫീസോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.

എപ്പോൾ എത്തണം

രാത്രിയാണ് ആമ്പൽ പൂക്കൾ വിരിയുന്നത്. രാവിലെ 10 ആവുമ്പോൾ പൂക്കൾ വാടിത്തുടങ്ങും. രാവിലെ ആറു മുതൽ ഏഴുവരെയുള്ള സമയങ്ങളിൽ എത്തിയാൽ കൂടുതൽ ദൃശ്യഭംഗിയോടെ പൂക്കൾ കാണാം. സെപ്റ്റംബർ പകുതിവരെ ആമ്പൽപ്പൂവസന്തം ഉണ്ടാവും.
160 വള്ളങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്. ഒരു മണിക്കൂറിന് ആയിരം രൂപ നൽകി വള്ളം വാടകയ്ക്കുമെടുക്കാം. പ്രധനമായും ഫോട്ടോ ഷൂട്ട് നടത്താനാണ് ആളുകൾ ഇത് ഉപയോഗിക്കുന്നത്.

വരുമാനത്തിലും ഹിറ്റ്

പ്രാദേശിക ടൂറിസത്തിലൂടെ നാലു കോടി രൂപയുടെ വരുമാനം ഒരു സീസണിൽ പ്രദേശവാസികൾക്ക് ലഭിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. ഈ വർഷം നേരത്തേതന്നെ ആമ്പൽ വിരിഞ്ഞതോടെ അതിൽ കൂടുതൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത് . അവധി ദിവസങ്ങളിൽ 5,000 അധികം ആളുകൾ മലരിക്കൽ സന്ദർശിക്കുന്നുണ്ട്. പാർക്കിങ്, പൂവിൽപന, വള്ളങ്ങളുടെ വരുമാനം, കോഫി ഷോപ്പുകൾ,കടകൾ,ഹോംസ്റ്റേകൾ എന്നിവയിലൂടെയാണ് പ്രദേശവാസികൾക്ക് കൂടുതലും വരുമാനം ലഭിക്കുന്നത്.

ഇനി കർഷകർക്കും വരുമാനം

മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന മാതൃകയാകും. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുസംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാം. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതത് പാടശേഖരസമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. ഊഴം അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കും. ഗ്രാമപ്പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർചേർന്നാണ് തീരുമാനങ്ങളെടുത്തത്.