
ഉത്തർപ്രദേശ് : ലളിത്പൂർ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നിന്നും രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
നീലച്ചാക്കിനുള്ളിൽ കെട്ടിയ നിലയിലുള്ള മൃതദേഹം കറമൈ ഗ്രാമവാസിയായ റാണി റായ്ക്വാറിന്റേതാണ്, സംഭവത്തിൽ യുവതിയുടെ കാമുകൻ ജഗദീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ കീടനാശിനി കലർത്തിയ ശീതളപാനീയം യുവതിക്ക്നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അണക്കെട്ടിന് സമീപം തള്ളിയതാണെന്നാണ് പ്രാഥമിക വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് വിവാഹതിയായിരുന്ന യുവതി തന്റെ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനായ ജഗദീഷിനോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16-നാണ് ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് കരമായി ഗ്രാമത്തിലെ നരേന്ദ്ര റായ്ക്വാറിന്റെ ഭാര്യ റാണി റായ്ക്വാറിന്റേതാണെന്ന് കണ്ടെത്തിയത്.
മരിച്ച യുവതിയുടെ ബന്ധുക്കൾ നൽകിയ മൊഴി അനുസരിച്ച് യുവതി കഴിഞ്ഞ വർഷം ജഗദീഷുമായി പ്രണയത്തിലാവുകയും ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോവുകയുമായിരുന്നു.
അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ കയ്യിൽ ‘ആർ ജഗദീഷ്’ എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മൃതദേഹം നരേന്ദ്രയുടെ ഭാര്യ റാണിയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്.
തിരിച്ചറിയൽ ഉറപ്പാക്കാൻ റാണിയുടെ പിതാവിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. ഇദ്ദേഹവും മൃതദേഹം റാണിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജഗദീഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.