ആർഎസ്‌എസിനെയും സിപിഎമ്മിനെയും ഒരുപോലെ ചിത്രീകരിച്ചു; രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിൽ അതൃപ്തി അറിയിച്ച്‌ ഇടത് പാർട്ടികള്‍

Spread the love

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ആർഎസ്‌എസിനെയും സിപിഎമ്മിനെയും ഒരുപോലെ ചിത്രീകരിച്ചു. രാഹുലിന്റെ വാക്കുകളിൽ അതൃപ്തി അറിയിച്ച്‌ ഇടത് പാർട്ടികള്‍.ശനിയാഴ്ച നടന്ന ഇന്ത്യ സഖ്യത്തിന്റെ ഓണ്‍ലൈൻ യോഗത്തിലാണ് നേതാക്കള്‍ അതൃപ്തി അറിയിച്ചത്.

മറ്റുള്ളവരുടെ വികാരം തിരിച്ചറിയാത്ത രാഷ്ട്രീയം പിന്തുടരുന്നതിനാലാണ് സിപിഎമ്മിനെയും ആർഎസ്‌എസിനെയും എതിർക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തില്‍ കെപിസിസി പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിലായിരുന്നു രാഹുലിന്റെ  ഈ പരാമർശം. എന്നാൽ ഇത് അനുചിതവും ഭിന്നിപ്പുണ്ടാക്കുന്നതുമായ പ്രസ്താവനകളാണെന്ന് ഇടതുപക്ഷ നേതാക്കള്‍ ആരോപിച്ചു. അത്തരം പ്രസ്താവനകള്‍ കേഡർമാർക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അവർ പറയുന്നു.

ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് രാഹുലിന്റെ പരാമർശം ചൂണ്ടികാട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേഡർമാർക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഖ്യത്തിന്റെ ഐക്യത്തെ തകർക്കുകയും ചെയ്യുമെന്നതിനാല്‍ അവ ഒഴിവാക്കണമെന്ന് ഡി.രാജ പറയുകയുണ്ടായി. ഇന്ത്യാ സഖ്യം തുടങ്ങിയത് രാജ്യത്തെ രക്ഷിക്കൂ, ബിജെപിയെ പുറത്താക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ്. എന്നാല്‍ സഖ്യത്തിനുള്ളിലെ ഇടതുപക്ഷത്തെ ആർഎസ്‌എസുമായി താരതമ്യം ചെയ്യുന്ന പ്രസ്താവന നടത്തരുതെന്നും മറ്റൊരു നേതാവ് ചൂണ്ടിക്കാട്ടി.

രാഹുലിന്റെ പരാമർശത്തെ നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ശക്തായി വിമർശിച്ചിരുന്നു. ഇതിനെ നിർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച ബേബി, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയുടെ പ്രതിഫലനമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിലെന്നും പറയുകയുണ്ടായി.ഇതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ബിഹാർ വോട്ടർ പട്ടികയുടെ പ്രത്യേക പുനഃപരിശോധന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാൻ ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനമായി. വോട്ടർ പട്ടിക പുനഃപരിശോധനാ വിഷയത്തില്‍ ജൂലായ് 23, 24 തീയതികളില്‍ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്താനും മുന്നണി ഒരുങ്ങുന്നുണ്ട്.