
അടയ്ക്കയുടെ വില കേട്ടാല്‍ ഞെട്ടും. ഒരെണ്ണത്തിന് 13 രൂപയിലേറെ നല്‍കണം. ചന്തയില്‍ നാടൻ അടയ്ക്ക വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്.ഇപ്പോള്‍ മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയവിടങ്ങളിലെ അടയ്ക്കയാണ് കേരളവിപണികളില്‍ എത്തുന്നത്. ഏത് സീസണിലും ഇവിടങ്ങളില്‍നിന്ന് അടയ്ക്ക ലഭിക്കും.ഇവയ്ക്ക് നാടനേക്കാള്‍ വലുപ്പവും ഉണ്ട്. ചിലിടത്ത് ശ്രീലങ്കൻ അടയ്ക്കയും എത്തുന്നു. കിലോയ്ക്ക് 260 രൂപയ്ക്കാണ് മൊത്തവില്‍പ്പനക്കാർ അടയ്ക്ക വാങ്ങുന്നത്. എണ്ണിയാണ് വില്‍ക്കുന്നത്. എട്ടുരൂപയായിരുന്ന അടയ്ക്കവില ഒരാഴ്ചകൊണ്ടാണ് കുതിച്ചുയർന്നതെന്ന് പന്തളം ചന്തയിലെ വ്യാപാരി അരുണ്‍കുമാർ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം കാരണം, അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നു. ഇതും വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്.ഏപ്രില്‍, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാല്‍ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.
മരത്തില്‍ കയറി അടയ്ക്ക പറിക്കുന്നതിനുള്ള ബുദ്ധിമുട്ടും കൊട്ടപ്പാക്കിനുള്ള പ്രിയവും കാരണം കൂടുതലാളുകളും താഴെവീഴുന്നവ ഉണക്കി തൊണ്ട് പൊളിച്ച് വില്‍ക്കുകയാണ്. മുമ്ബ് മലബാർ മേഖലയിലായിരുന്നു ഇത്തരം അടയ്ക്കയ്ക്ക് ഡിമാൻണ്ടെങ്കില്‍ ഇപ്പോള്‍ മധ്യതിരുവിതാംകൂറിലും ഉണങ്ങിയതാണ് വിപണിയിലെത്തുന്നത്. കൊട്ടപ്പാക്കിന് കിലോയ്ക്ക് 400-ന് മുകളില്‍ വില വന്നിരുന്നു.മുറുക്കാൻ, ദക്ഷിണ എന്നിവയ്ക്കാണ് കേരളത്തില്‍ പഴുത്ത അടയ്ക്ക കൂടുതലും ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, അടയ്ക്കയ്ക്ക് മറ്റുപയോഗങ്ങളുള്ളതുകൊണ്ടാണ് വില എപ്പോഴും താഴാതെ നില്‍ക്കുന്നത്. വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാൻമസാലയ്ക്കുവേണ്ടിയാണ് ഇത് കൂടുതലും കയറ്റി അയയ്ക്കുന്നത്. വ്യവസായിക മേഖലയില്‍ പല ഉപയോഗങ്ങളും ഉണ്ട്. ആയുർവേദത്തിലുംമറ്റും ഔഷധങ്ങളുണ്ടാക്കാൻ അടയ്ക്ക വേണം.
മൗത്ത് ഫ്രെഷ്നെർ ആയും ഉപയോഗിക്കുന്നു. പെയിന്റ് വ്യവസായത്തിലും തുകല്‍ വ്യവസായത്തിലും പ്ലൈവുഡ് നിർമാണത്തിലും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് എന്നിവിടങ്ങളിലും അടയ്ക്ക കൂടുതലായി ഉപയോഗിക്കുന്നു. ഇവിടെയെല്ലാം വ്യാവസായിക ആവശ്യത്തിനാണിത് ഉപയോഗിക്കുന്നത്.