കര്‍ക്കിടകത്തില്‍ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി പത്തില തോരൻ; റെസിപ്പി നോക്കാം

Spread the love

കോട്ടയം: നിരവധി അസുഖങ്ങള്‍ പടർന്നു പിടിക്കുന്ന കാലം കൂടിയാണ് കർക്കടകം. അതു കൊണ്ടു തന്നെ കർക്കടകത്തില്‍ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി നിരവധി മാർഗങ്ങള്‍ പ്രയോഗിക്കാറുമുണ്ട്.

അതിലൊന്നാണ് പത്തിലത്തോരൻ. പത്ത് തരം ഇലകള്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ തോരൻ. ഓരോ പ്രദേശത്തും സമൃദ്ധമായി ലഭിക്കുന്ന പോഷക സമൃദ്ധമായ ചെടികളുടെ തളിരിലകളാണ് തോരനില്‍ ഉപയോഗിക്കാറുള്ളത്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1- കുമ്പളത്തില
2-മത്തൻ ഇല
3-തഴുതാമയില
4-കൊഴുപ്പ
5-ചേനയില
6-താള്
7-ചീര
8-ആനക്കൊടിത്തൂവ
9- പയറില
10-കോവലില
തേങ്ങ ചിരകിയത് – അര മുറി
ജീരകം – ഒരു നുള്ള്
വെളുത്തുള്ളി- 5 അല്ലി
ചെറിയുള്ളി-3 എണ്ണം
പച്ചമുളക് – 3 എണ്ണം
കടുക്, വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – കാല്‍ ടിസ്പൂണ്‍
പച്ചരി – കാല്‍ സ്പൂണ്‍
ഉഴുന്ന് – കാല്‍ സ്പൂണ്‍‌
വറ്റല്‍ മുളക് – 3 എണ്ണം
ഇവ കൂടാതെ സാമ്പാർ ചീര, മൈസൂർ ചീര, മുള്ളൻ ചീര, തകരയില എന്നിവയെല്ലാം ലഭ്യമാകുന്ന പ്രകാരം പത്തിലത്തോരനില്‍ ഉപയോഗിക്കാറുണ്ട്.

പാകം ചെയ്യുന്ന വിധം

എല്ലാ ഇലകളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ചൊറിയണം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ പത്ത് മിനിട്ടോളം ഇട്ടതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രം വച്ച്‌ ചൂടാകുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച്‌ കടുക് പൊട്ടിക്കുക. എതിനു ശേഷം പച്ചരി ചേർക്കുക. പച്ചരി മൂത്തു വരുമ്പോള്‍ ഉഴുന്നും പിന്നീട് വറ്റല്‍ മുളകും ചേർത്ത് മൂപ്പിച്ചെടുക്കാം. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇലകളും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇലകള്‍ വാടി വരുമ്പോള്‍ തേങ്ങ ജീരകം വെളുത്തുള്ളി, ചെറിയുള്ളി പച്ചമുളക് എന്നിവ ചേർത്ത് ഒതുക്കിയെടുത്തതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. കിളുന്നിലകള്‍ ആയതു കൊണ്ടു തന്നെ പെട്ടെന്ന് തന്നെ ഇലക്കറി പാകമാകും. അല്‍പ്പം പച്ച വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം തീ ഓഫ് ചെയ്ത് അടച്ചു മൂടിവയ്ക്കാം.മരുന്നു കഞ്ഞിക്കൊപ്പവും ചോറിനൊപ്പവും ഉപയോഗിക്കാവുന്ന രുചികരമായ തോരനാണിത്.