
തിരുവനന്തപുരം: ശബരിമലയിൽ എഡിജിപി എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയിൽ വീഴ്ചയുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സമാനമായ തെറ്റുകൾ ഇനി ആവർത്തിക്കരുതെന്ന താക്കീത് നൽകിയെന്ന് ഡിജിപി അറിയിച്ചു. യാത്ര നടത്തിയ കാര്യം അജിത് കുമാർ സമ്മതിച്ചെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു എഡിജിപിയുടെ യാത്ര. പത്തനംതിട്ട എസ്പി വിജി വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് ഇന്റലിജൻസ് മേധാവി പി വിജയന് റിപ്പോർട്ട് നൽകിയിരുന്നു.
പമ്പയിൽ സിസിടിവി ക്യാമറ പതിയാത്ത സ്ഥലത്തു നിന്ന് ട്രാക്ടറിന്റെ പെട്ടിയിൽ കയറി ടാർപോളിൻ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ ചില തീർത്ഥാടകർ മൊബൈലിൽ പകർത്തി.മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ ശബരിമലയിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷ മുൻനിറുത്തി ട്രാക്ടറിൽ ക്ലീനറെപ്പോലും കയറ്റുന്നത് ശിക്ഷാർഹമാണ്. സന്നിധാനത്തെ സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് പുലർത്തിയിരുന്നത്. ആളുകളെ കയറ്റിയ ട്രാക്ടറുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാസപൂജയ്ക്കും പ്രതിഷ്ഠാചടങ്ങുകൾക്കും അദ്ദേഹം ശബരിമലയിൽ എത്തിയിരുന്നില്ല.