കറുകച്ചാലിൽ നടപ്പാതയിലെ കാട് നീക്കൽ ഇനി എന്ന്: കാട് കൈയ്യടക്കി ഇഴജന്തുക്കൾ: യാത്രക്കാർ ആശങ്കയിൽ

Spread the love

കറുകച്ചാല്‍: നടപ്പാത ഉണ്ട്. പക്ഷേ, കാല്‍നട യാത്രികർ സൂക്ഷിക്കുക. ഇതുവഴി പോകരുത്..! കാരണം ഇളകിയ തറയോടുകളില്‍ തട്ടി വീണേക്കാം.
അല്ലെങ്കില്‍ നടപ്പാതയില്‍ വളർന്ന കുറ്റിക്കാട്ടിനുള്ളില്‍ നിന്നും ഇഴജന്തുക്കള്‍ ഇറങ്ങിവന്ന് നിങ്ങളെ ഉപദ്രവിച്ചേക്കാം.

ഇത് കറുകച്ചാല്‍ ടൗണിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാർക്കുള്ള മുന്നറിയിപ്പാണ്. ടൗണില്‍ മണിമല, മല്ലപ്പള്ളി, ചങ്ങനാശേരി, വാഴൂർ ഭാഗങ്ങളിലേക്കുള്ള റോഡുകളിലെല്ലാം നടപ്പാതകള്‍ നിർമിച്ചിട്ടുണ്ട്.

എന്നാല്‍, വാഴൂർ റോഡിലെ ഉപയോഗിക്കാത്ത ടാക്സി സ്റ്റാൻഡ് ഭാഗം മുതല്‍ പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നടപ്പാത ഭൂരിഭാഗവും തകർന്നു. ചിലയിടങ്ങളില്‍ ചെറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ശേഷിച്ച ഭാഗങ്ങളില്‍ പാഴ്ച്ചെടികള്‍ വളർന്ന് കുറ്റിക്കാടുകളായെങ്കിലും അധികൃതർ അറിഞ്ഞമട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷങ്ങള്‍ മുടക്കി തറയോടു പാകി മനോഹരമാക്കിയ ടൗണിലെ നടപ്പാതകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് പലയിടങ്ങളിലും തകർന്നു വഴിനടപ്പ് അസാധ്യമായത്.

ചങ്ങനാശേരി റോഡില്‍ എസ്ബിഐ മുതല്‍ പഞ്ചായത്ത് ജംഗ്ഷൻ വരെ ഇരുഭാഗത്തും കുറ്റിക്കാടുകളാണ്. നടപ്പാതകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ തിരക്കേറിയ റോഡിലൂടെയാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ നടക്കുന്നത്.

ടൗണിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ ഏറെ തിരക്കുള്ള ഇവിടെ റോഡിലൂടെ കാല്‍നടയാത്രക്കാർ സഞ്ചരിക്കുന്നതിനാല്‍ വാഹനഗതാഗതവും തടസപ്പെടുന്നു. കുറ്റിക്കാടുകള്‍ നീക്കം ചെയ്തു നടപ്പാത പുനരുദ്ധരിച്ചു കാല്‍നട യാത്രികരുടെയും വാഹനങ്ങളുടെയും സഞ്ചാരം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.