ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗത, ഏത് വ്യോമപ്രതിരോധവും നിശബ്‌ദമാകും; ഏറ്റവും അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇന്ത്യ

Spread the love

ദില്ലി: വൻ കുതിച്ചുചാട്ടമാണ് പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിക്കുന്നത്. മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ അതിശക്തമായ പരീക്ഷണങ്ങളും കണ്ടെത്തലുകളും ഇതില്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പുതിയൊരു മികവാര്‍ന്ന ആയുധം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ഇടി-എൽഡിഎച്ച്സിഎം)​ എന്ന ഹൈപ്പർസോണിക് മിസൈലാണിത്. ഇന്ത്യ നാളിതുവരെ വികസിപ്പിച്ച ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമാണ് ഇടി-എൽഡിഎച്ച്സിഎം എന്നതാണ് ഏറ്റവും വലിയ സവിശേഷത.

മാക് 8 വേഗത, 1,500 കിലോമീറ്റർ ശേഷി

ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുകയും 1,500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈലാണ് Extended Trajectory Long Duration Hypersonic Cruise Missile (ET-LDHCM). ബ്രഹ്മോസ്, അഗ്നി-5, ആകാശ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ മിസൈല്‍ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നു. അടുത്ത തലമുറ ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ക്ലാസിഫൈഡ് പ്രോഗ്രാമായ പ്രോജക്റ്റ് വിഷ്ണുവിന് കീഴിലാണ് ഈ മിസൈൽ നിർമ്മിച്ചത്. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ, ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാക് 8 വേഗതയില്‍ 1,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ ഈ മിസൈലിന് തകർക്കാൻ കഴിയുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയുന്നു. ബ്രഹ്‌മോസ് മിസൈലിന് മാക് 3 സ്‌പീഡ് അഥവാ 3,675 കിലോമീറ്റർ വേഗമാണ് ഉള്ളതെങ്കിൽ പുതിയ മിസൈലിന് അത് എട്ട് മാക് അഥവാ 11,​000 കിലോമീറ്ററാണ്. ബ്രഹ്‌മോസ്,​ അഗ്നി-5,​ ആകാസ് മിസൈൽ സിസ്റ്റങ്ങൾ പുതുക്കുന്നതിനൊപ്പമാണ് ഇന്ത്യ ഇടി-എൽഡിഎച്ച്സിഎം അവതരിപ്പിച്ചിരിക്കുന്നത്. മുൻകാലങ്ങളിലെ മിസൈലുകളിൽ തിരിയുന്ന കംപ്രസറിന്‍റെ ബലത്തിൽ ആണ് അവ മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ ഈ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് മിസൈലിനെ ഭാരം കുറഞ്ഞതായി നിലനിർത്തുകയും കൂടുതൽ നേരം ഉയർന്ന വേഗത നിലനിർത്താൻ അനുവദിക്കുകയും ചെയ്യുന്നു. എക്‌സ്റ്റന്റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ്‌ മിസൈലിന് 2,000 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ നേരിടാൻ കഴിയും, മണിക്കൂറിൽ ഏകദേശം 11,000 കിലോമീറ്റർ വേഗതയിൽ ആകാശത്തിലൂടെ പറക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്.

പൂര്‍ണമായും തദ്ദേശീയം

മറ്റൊരു പ്രധാന പ്രത്യേകത ET-LDHCM കരയിൽ നിന്നോ കപ്പലുകളിൽ നിന്നോ വിമാനങ്ങളിൽ നിന്നോ വിക്ഷേപിക്കാൻ കഴിയും. ഇതിനാല്‍ ഈ മിസൈല്‍ ഇന്ത്യയുടെ എല്ലാ സൈനിക വിഭാഗങ്ങളുടെയും പ്രവർത്തനത്തിന് ഉപയോഗപ്രദമാകും. ഒപ്പം ഇവയ്ക്ക് 2,000 കിലോഗ്രാം വരെ ഭാരമുള്ള പരമ്പരാഗത, ആണവ പോർമുനകൾ വഹിക്കാനും കഴിയും. താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനാൽ മറ്റു രാജ്യങ്ങളുടെ റഡാറുകള്‍ക്ക് ഇവയെ കണ്ടെത്താനും തടയാനും പ്രയാസമാകും. ET-LDHCM ആകാശത്ത് വെച്ചുതന്നെ അതിന്‍റെ ഗതി ക്രമീകരിക്കാൻ കഴിയുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത മിസൈലാണ്. ഈ കഴിവ് ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു വെല്ലുവിളിയായി മാറും.

ഇന്ത്യയുടെ എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ഇത് പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിആര്‍ഡിഒ രൂപകൽപ്പന ചെയ്തത് എന്നതാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങളും സ്വകാര്യ കരാറുകാരും ഇതിന്‍റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രതിരോധ നിർമ്മാണ നയത്തിന് കീഴിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിന് ഇത് പ്രചോദനം നൽകുന്നു, നിലവിൽ ചൈനയ്‌ക്കും റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും മാത്രമേ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയുള്ളൂ. ഈ രാജ്യങ്ങൾക്ക് ഒപ്പമാണ് ഇനി ഇന്ത്യയുടെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലും സ്ഥാനംപിടിക്കുന്നത്.