കല്ലട ബസ് ജീവനക്കാരുടെ അതിക്രമം വീണ്ടും; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: യാത്രക്കാർക്ക് എതിരെയുള്ള ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച കല്ലട ട്രാവൽസിനെതിരെ പുതിയ ആരോപണം. ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ് എന്നയാളാണ് പിടിയിലായത്.ഇയാൾ ബസിന്റെ രണ്ടാം ഡ്രൈവറാണ്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബസ് കോഴിക്കോട്ടെത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. സംഭവത്തെ തുടർന്ന് യാത്രക്കാർ ബഹളം വയ്ക്കുകയായിരുന്നു.തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും പറഞ്ഞ് യാത്രക്കാർ ബഹളം വച്ചു.ഇതേതുടർന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു പ്രതിയെ പൊലീസിൽ ഏൽപിച്ചു.