
കുമരകം: അനുശ്രീ ഗോപൻ ഇന്ന് കുമരകത്തിന്റെ അഭിമാനമാണ്. എഴുതിയ എല്ലാ പരീക്ഷകളിലും ഉയർന്ന റാങ്ക്. എം.എസ് സി കെമിസ്ട്രി ഉപരിപഠനത്തിനായി ശ്രമിച്ച് കുമരകം സ്വദേശിനിയായ അനുശ്രീ ഗോപൻ നേടിയത് അഞ്ചോളം പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ.
എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ് സി കെമിസ്ട്രിയിൽ പഠനം പൂർത്തിയാക്കിയ അനുശ്രീ ഓൾ ഇന്ത്യ ലെവലിൽ ഉള്ള യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നെകിലും എം.എസ് സി കെമിസ്ട്രിയിൽ സയൻസ് ഇൻസ്റ്റിറ്റ്യുട്ടുകളിൽ രാജ്യത്തെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന തിരുവനന്തപുരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റിയിൽ (IISER ) ഉപരിപഠനം നേടുവാനാണ് ആഗ്രഹിച്ചത്. എന്നാൽ മെയ് ആദ്യവാരം മുതൽ അഞ്ചോളം വിവിധ പ്രവേശന പരീക്ഷകൾ എഴുതുകയും, എഴുതിയ എല്ലാ പ്രവേശന പരീക്ഷകളിലും ഉയർന്ന റാങ്കുകൾ നേടുകയുമായിരുന്നു. IISER തിരുവനന്തപുരം കെമിസ്ട്രി പ്രവേശന പരീക്ഷയ്ക്ക് രാജ്യത്ത് ഒന്നാം റാങ്കും ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്റഗ്രേറ്റഡ് കെമിസ്ട്രി പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് രാജ്യത്ത് മൂന്നാം റാങ്കും, കുസാറ്റ് പ്രവേശന പരീക്ഷയ്ക്ക് രണ്ടാം റാങ്കും
ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയ്ക്ക് നാലാം റാങ്കും, കോമൺ യൂണിവേഴ്സിറ്റി കെമിസ്ട്രി പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും നാലാം റാങ്കും രാജ്യത്ത് ഇരുപത്തിയൊന്നാം റാങ്കും അനുശ്രീ കരസ്ഥമാക്കി.
കോഴിക്കോട് ബെൻസിൽ ഇൻസ്റ്റിട്യൂട്ടിന്റെ കോച്ചിങ് ക്ലാസ്സിൽ പങ്കെടുത്താണ് അനുശ്രീ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുത്തത്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതോടെ ആഗ്രഹ സാഫല്യം പോലെ IISER ൽ തന്നെ ചേർന്ന് എം.എസ് സി പൂർത്തിയാക്കുവാനാണ് അനുശ്രീയുടെ തീരുമാനം.
ബി.എസ് സിയിൽ പഠനം പൂർത്തിയാക്കി അനായാസം മറ്റു കോളേജുകളിൽ ഉപരിപഠനത്തിനായി പ്രവേശനം ലഭിക്കുമെന്നിരിക്കിലും വിവിധ പ്രവേശന പരീക്ഷകൾ വിജയിച്ചു സ്‌കോളർഷിപ്പോടെ രാജ്യത്തെ തന്നെ മുൻനിരയിൽ ഉള്ള സർവ്വകലാശാലകളിൽ ഉപരിപഠനം സാധ്യമാകുമെന്ന അറിവും കൂടിയാണ് അനുശ്രീ ഈ നേട്ടത്തിലൂടെ വളർന്നു വരുന്ന തലമുറക്കായി നൽകുന്നത്.
കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂൾ സീനിയർ സെക്കൻഡറിയിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസവും ഹയർ സെക്കൻഡറിയിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസവും പൂർത്തിയാക്കിയ അനുശ്രീ, കുമരകം പത്താം വാർഡിൽ മങ്ങാട്ട് വീട്ടിൽ എം.എൻ ഗോപകുമാറിൻ്റെയും വിനയ ഗോപൻ്റെയും മകളാണ്.