
ഷിക്കാഗോ:ഫൊക്കാന സ്ഥാപക പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്നു. നോർക്ക, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചേര്‍ത്തല സ്വദേശിനിഷയാണ് ഭാര്യ. മക്കള്‍ ഡോ. അനൂപും അരുണും. അരുണ്‍ അച്ഛനൊപ്പം ബിസിനസില്‍ പങ്കാളിയാണ്.
ഓച്ചിറ സ്വദേശിയായ അനിരുദ്ധൻ കൊല്ലം എസ്.എൻ. കോളജിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973-ൽ അമേരിക്കയിലെത്തിയത്. ടെക്‌സസിലെ എ ആൻഡ് എം സർവകലാശാലയിൽ രസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി. എടുത്തു.
തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉൽപാദകരായ സാൻഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഏറെ വർഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോർട്‌സ് ന്യൂട്രീഷ്യൻ ഉൽപന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1983-ൽ കെ.ആർ. നാരായണൻ അംബാസഡറായിരിക്കെ, അദ്ദേഹത്തിന്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ‘ഫൊക്കാന’യ്ക്ക് രൂപം നൽകിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു.
നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കൺസൽട്ടന്റായിരുന്ന അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ (എഫ്.ഡി.എ.) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യുഎസ്എയിലെ നാഷനൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷൻ മികച്ച ആർ ആൻഡ് ഡി ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ഡോ. അനിരുദ്ധന്റെ വേർപാടിൽ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അനുശോചനം അറിയിച്ചു. മുൻ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വാഷിംഗ്ടൺ കൺവൻഷനിൽ വച്ച് ഇഡോ. അനിരുദ്ധനെ അനുസ്മരിച്ച് പ്രസംഗിച്ചു.d



