അതിര് കടക്കുന്ന അഭിനയം ; കുട്ടികളുടെ ഡാൻസ്, ടിവി ഷോകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം
സ്വന്തംലേഖകൻ
കോട്ടയം : ടി.വി ചാനലുകളിലെ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളുടെ റിയാലിറ്റി ഷോകൾക്ക് നിയന്ത്രണവുമായി കേന്ദ്രം. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.ചെറിയ കുട്ടികളെ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കുന്ന രീതികളില്‍ ചിലത് ഉചിതമല്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് കര്‍ശന താക്കീതുമായാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.സിനിമയ്ക്കായി മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതായും ചലച്ചിത്രങ്ങളിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന രംഗങ്ങൾ അനുകരിക്കുന്നതും കുട്ടികളിൽ മോശം പ്രവണതയ്ക്ക് സാധ്യത ഉണ്ടാക്കുന്നെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇതു തുടരാന്‍ അനുവദിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷ പ്രയോഗിക്കുകയോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതിനൊപ്പം പ്രായത്തിനതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്നതായും ഈ പ്രവണത നല്ലതല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ടിവി ചാനലുകള്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആൻ്റ് അഡ്വര്‍ടൈസിങ് കോഡ്‌സ് പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം കുറിപ്പിലൂടെ താക്കീതു നൽകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group