പോലീസുകാരിയെ ചുട്ടുകൊന്ന പ്രതി അജാസ് മരിച്ചു ; മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് വൈകിട്ട് അഞ്ചരയോടെ
സ്വന്തംലേഖകൻ
ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു.
സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ അജാസ് വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹാഭ്യര്‍ത്ഥന നിരന്തരം അവഗണിച്ചതിനെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും മൊഴിയിൽ അജാസ് പറഞ്ഞു.
വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്നാണ് അജാസ് മരിക്കുന്നതിന് മുമ്പ് മൊഴി നൽകിയത്. സൗമ്യയെ വടിവാളു കൊണ്ടുവെട്ടിയ ശേഷം പെട്രോൾ ഒളിച്ച് തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു നൽകിയ മൊഴിയില്‍ അജാസ് പറയുന്നു. അജാസിനെ സൗമ്യ നേരത്തെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പ്രതികാരമെന്ന പൊലീസ് കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് അജാസിന്റെ മൊഴി. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില ആദ്യദിനം മുതല്‍ ഗുരുതരമായി തുടരുകയായിരുന്നു. അണുബാധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിയുടെ ആരോഗ്യനില മെച്ചപ്പെടാതെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ അന്വേഷണസംഘത്തിനുമായില്ല. ബുധനാഴ്ച ഉച്ചയോടെ തന്നെ അജാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group