
തൃശൂര്‍: തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി എച്ച്.ഡി.എസ്. അംഗങ്ങളും ജനപ്രതിനിധികളും. മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രന്‍ അരങ്ങത്ത് കുറ്റപ്പെടുത്തി.
ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടറും പെര്‍ഫ്യൂഷനിസ്റ്റുകളും തമ്മിലുള്ള വിശ്വാസമില്ലായ്മയും തര്‍ക്കവും ഹൃദയ ശസ്ത്രക്രിയ മുടങ്ങി രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. സര്‍ക്കാര്‍ ഇതിനെ ലാഘവ ബുദ്ധിയോടെ കാണുന്നു. ജീവനക്കാരെ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയാത്തതു കൊണ്ടുതന്നെയാണ് മെഡിക്കല്‍ കോളജ് നാഥനില്ലാ കളരിയായി മാറിയതെന്ന് രാജേന്ദ്രന്‍ അരങ്ങത്ത് വിമർശിച്ചു. ടെക്നീഷ്യന്മാർ പരിചയ സമ്പന്നരല്ലെന്ന് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയതോടെയാണ് ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ചത്.
ജീവന്‍ സംരക്ഷിക്കാന്‍ പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയോ സമീപിക്കേണ്ട അവസ്ഥയാണെന്നും ഉത്തരവാദപ്പെട്ട സ്ഥലം എംപിയും എംഎല്‍എയും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നുമാണ് പരാതി. വിഷയം ചര്‍ച്ചചെയ്യാന്‍ എച്ച്ഡിഎസ് ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തരമായി തര്‍ക്കം പരിഹരിച്ച് ഹൃദയ ശസ്ത്രക്രിയ നടത്താന്‍ അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും രാജേന്ദ്രന്‍ അരങ്ങത്ത് പറഞ്ഞു. ആശുപത്രി വികസന സമിതി അംഗങ്ങളായ ലീല രാമകൃഷ്ണന്‍, പി.വി. ബിജു, പി.ജി. ജയദീപ്, ജനപ്രതിനിധികളായ സുരേഷ് അവണൂര്‍, മണികണ്ഠന്‍ ഐ.ആര്‍, ബിന്ദു സോമന്‍, ബിജു ഇ.ടി, പൊതുപ്രവര്‍ത്തകരായ ബാബു എന്‍. എഫ്, എന്‍.എല്‍. ആന്റണി, ജയന്‍ മംഗലം തുടങ്ങിയവർ പങ്കെടുത്തു.