‘നടന്നത് കാൽ കഴുകൽ അല്ല, പൂവും പനിനീരും തളിക്കലാണ്’; പാദപൂജ വിവാദത്തിൽ പ്രതികരിച്ച് വിവേകാനന്ദ വിദ്യാപീഠം പ്രിന്‍സിപ്പൽ

Spread the love

ആലപ്പുഴ: നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്ന ബിജെപി നേതാവിന്‍റെ പാദപൂജ വിവാദത്തിൽ വിശദീകരണവുമായി സ്കൂള്‍ പ്രിന്‍സിപ്പൽ. കാൽ കഴുകൽ പാദപൂജ അല്ല സ്കൂളിൽ നടന്നതെന്നും പൂവും പനിനീരും തളിക്കലാണെന്നും ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതിൽ തെറ്റില്ലെന്നും വിവേകാനന്ദ വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ആർ ശാന്തകുമാർ പറഞ്ഞു.

ബിജെപി നേതാവ് എന്ന നിലയിൽ അല്ല അനൂപ് സ്കൂളിൽ എത്തുന്നത്. സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധിയെന്ന നിലയിലാണ് വന്നത്. അനൂപ് സ്കൂളിലെ എല്ലാ പരിപാടികളും നിറസാന്നിധ്യമാണ്. കുട്ടികൾക്ക് നൈതിക വിഷയങ്ങളിൽ അനൂപ് ക്ലാസ് എടുക്കാറുണ്ട്. പാദ പൂജയിൽ ഇപ്പോൾ വിവാദം എന്തുകൊണ്ടാണെന്ന് അറിയില്ല. വിദ്യാനികേതൻ സ്കൂളുകളിലെ രീതി വർഷങ്ങൾ ആയി ഇങ്ങനെയാണ്. ഇവിടുത്തെ രീതികൾ അറിഞ്ഞാണ് രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നത്. വിദ്യാനികേതൻ സ്കൂളുകളിൽ ഗുരു പൂജ വർഷങ്ങളായി നടക്കുന്നതാണെന്നും സ്കൂള്‍ പ്രിന്‍സിപ്പൽ പറഞ്ഞു.

അതേസമയം, പാദപൂജ വിവാദത്തിൽ സ്കൂളിലേക്ക് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധിച്ചത്. എടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിന് മുന്നിൽ മനുസ്മൃതി കത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.അതേസമയം മാവേലിക്കരയിലെ വിദ്യാതിരാജ വിദ്യാപീഠം സ്‌കൂളിലെയും ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെയും പാദപൂജയില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടർക്കും യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group