
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹമോചിതരായി. 2012ലെ ലണ്ടൻ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ സൈന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹമോചിതരായ കാര്യം അറിയിച്ചത്. 2018ലാണ് സൈനയും പി കശ്യപും തമ്മില്‍ വിവാഹിതരായത്.
“ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ചതിനുശേഷം, കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. പരസ്പര സമാധാനവും വളർച്ചയും മുറിവുണക്കലും കണക്കിലെടുത്താണ് ഈ വേര്‍പിരിയല്‍. കശ്യപുമായുള്ള ഓർമ്മകൾക്ക് എക്കാലവും നന്ദിയുള്ളവളാണ്, ഞങ്ങളിരുവരുടെയും മുന്നോട്ടുള്ള യാത്രയില്‍ ഏറ്റവും മികച്ചത് മാത്രം ആശംസിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് നന്ദി”, എന്നായിരുന്നു സൈന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
പി ഗോപിചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയിലെ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പ്രണയത്തിലായത്. 2012ലെ ഒളിംപിക്സില്‍ ബാഡ്മിന്‍റൺ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയ സൈന കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിംപിക്സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം കൂടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ല്‍ സൈന വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തും എത്തിയിരുന്നു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് തനിക്ക് രണ്ട് മണിക്കൂറില്‍ കൂടുതല്‍ പരിശീലനം നടത്താനാവുന്ന അവസ്ഥയല്ല ഉള്ളതെന്ന് അടുത്ത കാലത്ത് സൈന ഗംഗന്‍ നാരംഗുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പി കശ്യപ് 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 32 വര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു ഇന്ത്യ താരം ബാഡ്മിന്‍റണ്‍ സ്വര്‍ണം നേടുന്നത്. 2012ലെ ഒളിംപിക്സില്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി കശ്യപ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരവുമായിരുന്നു. 2013ല്‍ പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്താനും കശ്യപിനായി. എന്നാല്‍ പരിക്കുകള്‍ പിന്നീട് കശ്യപിന്‍റെ കരിയറിനും തിരിച്ചടിയായി.