
മാന്നാർ: പ്രധാന പാതയോരത്ത് കുടിവെള്ള പൈപ്പ് ചോർന്ന് വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് 1 മാസം പിന്നിട്ടു മാന്നാർ കുരട്ടിക്കാട് എട്ടാം വാർഡിൽ ശ്രീ ഭുവനേശ്വരി സ്കൂളിന് സമീപത്തുള്ള റോഡരികിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളക്കെട്ട് നിറഞ്ഞിരിക്കുന്നത്.
നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷകർത്താക്കൾക്കും കടന്നുപോകുന്ന റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെ സംബന്ധിച്ച് ഏറെ ദുരിതമാണ്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.
പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന സ്ഥലത്ത് മണ്ണ് ഇളകിയിരിക്കുന്നത് കാരണം കാൽനട യാത്രയും വാഹന പാർക്കിംഗും ഏറെ ബുദ്ധിമുട്ടിലാണ്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം പല തവണ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ വത്സല ബാലകൃഷ്ണൻ പറഞ്ഞു. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group