കാഞ്ഞിരപ്പള്ളിയിൽ ബസ് സ്റ്റാന്റ് അടച്ചത് യാത്രക്കാർക്ക് ദുരിതമായി: സ്റ്റാന്റിലേക്കുള്ള റോഡ് പണിയും ആരംഭിച്ചില്ല

Spread the love

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി സ്റ്റാൻഡ് അടച്ചതോടെ ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷമായി.

ബസുകളെല്ലാം സ്റ്റാൻഡിന്‍റെ മുമ്പില്‍ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. മഴയും വെയിലുംകൊണ്ടു വിദ്യാർഥികളടക്കമുള്ള യാത്രക്കാർ നടുറോഡിലായ അവസ്ഥയിലാണ്. സീബ്രാലൈനിലൂടെ പോലും റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ കഷ്ടപ്പെടുകയാണ്.

ദേശീയപാതയില്‍നിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതും ഇറങ്ങുന്നതുമായ റോ‍ഡിലെ ഓടകള്‍ക്കു മുകളിലുള്ള സ്ലാബുകള്‍ തകർന്നതിനെത്തുടർന്ന് ഇവ പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ മിനി സിവില്‍ സ്റ്റേഷന്‍റെ മുന്നിലും മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകള്‍ ഇടിമണ്ണിക്കല്‍ ജൂവലറിയുടെ മുന്നിലും നിർത്തി ആളുകളെ കയറ്റണമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാല്‍, ഈ ഗതാഗത ക്രമീകരണങ്ങള്‍ ഒന്നും നടക്കുന്നില്ല. കൂടാതെ ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കു

പോകുന്ന ബസുകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം ദേശീയപാതയില്‍ മിനിസിവില്‍ സ്റ്റേഷന്‍റെ മുന്നില്‍ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഇതും ടൗണില്‍ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

ഇതിനിടെ ഇത്രയും ദിവസം ബസ് സ്റ്റാൻഡ് അടച്ചിട്ടിട്ടും സ്റ്റാൻഡിലേക്കുള്ള റോഡ് നന്നാക്കാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. നിലവില്‍ റോഡ് കുണ്ടും കുഴിയുമായി താറുമാറായി കിടക്കുകയാണ്. മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്ന റോഡ് തകർന്നതിനെത്തുടർന്ന് ഇതിന്‍റെ മുകളില്‍ ടാറിംഗ് നടത്തിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഈ ടാറിംഗും അടിയിലെ കോണ്‍ക്രീറ്റിംഗും തകർന്ന നിലയിലാണ്. കഷ്ടിച്ച്‌ ഒരു ബസിനു മാത്രം കടന്നുപോകാൻ കഴിയുന്ന ഭാഗത്തെ കോണ്‍ക്രീറ്റിംഗ് തകർന്നതോടെ ബസ് ആടിയുലഞ്ഞാണ് സ്റ്റാൻഡിലേക്കു കയറുന്നത്. നിലവില്‍ ബസ് സ്റ്റാൻഡ് അടച്ചിരിക്കുന്ന സാഹചര്യത്തില്‍ റോഡിന്‍റെ അറ്റകുറ്റപ്പണി കൂടി നടത്തിയില്ലെങ്കില്‍ ഇതിനായി പിന്നീട് വീണ്ടും സ്റ്റാൻഡ് അടച്ചിടേണ്ടി വരും.