‘മഞ്ജു വാര്യര്‍ ഓര്‍ കാവ്യ മാധവന്‍’; ശോഭയ്ക്ക് സാമാന്യ ബോധമില്ല, ധ്യാന്‍ നല്‍കിയത് നല്ല മറുപടി; ചോദ്യം നേരിട്ട പെണ്‍കുട്ടി പറയുന്നു

Spread the love

കോട്ടയം: യുകെയില്‍ വച്ച് നടന്നൊരു സൗന്ദര്യ മത്സരത്തില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വിഡിയോ വൈറലായത് കഴിഞ്ഞ ദിവസമാണ്. മത്സരാര്‍ത്ഥികളില്‍ ഒരാളോട് വിധികര്‍ത്താവായ ശോഭ വിശ്വനാഥ് ചോദിച്ച ചോദ്യത്തെക്കുറിച്ചുള്ള ധ്യാനിന്റെ പ്രതികരണമാണ് വൈറല്‍ വിഡിയോയുടെ ഉള്ളടക്കം.

മത്സരാര്‍ത്ഥിയോട് മഞ്ജു വാര്യരെയാണോ കാവ്യ മാധവനെയാണോ ഇഷ്ടം എന്നാണ് ശോഭ വിശ്വനാഥ് ചോദിച്ചത്. ഇതിനെയാണ് പിന്നീട് വേദിയിലെത്തിയ ധ്യാന്‍ പരിഹാസ രൂപേണ വിമര്‍ശിച്ചത്. മഞ്ജു വാര്യര്‍ ഓര്‍ കാവ്യ മാധവന്‍ എന്ന ചോദ്യത്തിന് ശേഷം താന്‍ പ്രതീക്ഷിച്ചത് ദിലീപ് ഓര്‍ പള്‍സര്‍ സുനി എന്ന ചോദ്യമാണെന്നാണ് ധ്യാന്റെ പരിഹാസം.

ഇപ്പോഴിതാ ശോഭയുടെ ചോദ്യം നേരിട്ട മത്സരാര്‍ത്ഥി എലിസ പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ പങ്കിട്ടു കൊണ്ടാണ് എലിസ പ്രതികരിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ ആണോ കാവ്യ മാധവന്‍ ആണോ ഇഷ്ടമെന്നാണ് വീഡിയോയില്‍ ശോഭ ചോദിക്കുന്നത്. അതേസമയം ഇത് എന്റെ ചോദ്യമല്ലെന്നും ശോഭ പറയുന്നുണ്ട്. സൂര്യനേയും ചന്ദ്രനേയും താരതമ്യം ചെയ്യാനാകില്ല. രണ്ട് കണ്ണുകളിലൊന്ന് തെരഞ്ഞെടുക്കാനാകില്ല. അതുപോലെ ഇവിടേയും തെരഞ്ഞെടുപ്പ് സാധ്യമല്ല. താനുമൊരു സ്ത്രീയായിരിക്കെ ഒരാളെ തെരഞ്ഞെടുക്കാനാകില്ലെന്നായിരുന്നു എലിസയുടെ മറുപടി. രണ്ട് പേരും മികവ് തെളിയിച്ചവരാണെന്നും എലിസ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് യുവതി. ” ആ ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. നമ്മളെന്തിനാണ് ഇപ്പോഴും രണ്ട് സ്ത്രീകളെ മുഖാമുഖം നിര്‍ത്തുന്നത്. പ്രത്യേകിച്ച് തങ്ങളുടെ ഇടത്തിനായും ശബ്ദത്തിനായും മൂല്യത്തിനായും സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നൊരു ലോകത്ത്.” എന്നാണ് എലിസ കുറിപ്പില്‍ പറയുന്നത്.

”കരുത്തരായ, വിജയിച്ച രണ്ട് സ്ത്രീകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിയേയും അനുകമ്പയേയും താരതമ്യം ചെയ്യുന്നത് പോലെയാണ്. നമുക്ക് എന്തുകൊണ്ട് രണ്ടും നേടിക്കൂടാ? ജനപ്രീതി അളക്കാനുള്ള വേദിയായി മാറിയ സൗന്ദര്യ മത്സരത്തില്‍ ജഡ്ജിയാകാനും ജൂറിയാകാനും എക്‌സിക്യൂഷനര്‍ ആകാനും ഞാന്‍ തയ്യാറായില്ല. മഞ്ജുവും കാവ്യയും ധീരരായ, ഗംഭീരരായ രണ്ടു പേരാണ്. തന്റെ വ്യക്തിത്വത്തിന് വേണ്ടി, തങ്ങളെ ലേബല്‍ ചെയ്യുന്ന, കേള്‍ക്കാത്തൊരു സമൂഹത്തില്‍, പൊരുതാന്‍ തയ്യാറായ രണ്ട് പേരാണ്.”

”എന്നോട് തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത് കാലങ്ങളായി നടന്നു പോരുന്ന നരേറ്റീവ് തുടരുകയാണ്. ഞാന്‍ ആ കഥയുടെ ഭാഗമാകില്ല. എനിക്കത് തിരുത്തിയെഴുതണം. ആ രാത്രി ഞാന്‍ അതാണ് ചെയ്തതെന്ന് തോന്നുന്നു” എന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പിനൊപ്പമുള്ള വീഡിയോയിലും എലിസ തന്റെ നിലപാട് അറിയിക്കുന്നുണ്ട്.

ചോദ്യമുണ്ടാക്കിയത് ശോഭ വിശ്വനാഥനല്ല. പക്ഷെ ഒരു സ്ത്രീയായിരിക്കെ മറ്റൊരു സ്ത്രീയോട് വേറെ രണ്ട് സ്ത്രീകളെപ്പറ്റി, അതും വിവാദത്തിലുള്ള സ്ത്രീകളെപ്പറ്റി ചോദിക്കാന്‍ പാടില്ല എന്ന മിനിമം സാമാന്യബോധം അവര്‍ക്കുണ്ടാകണമായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇന്‍ഫ്ളുവന്‍സര്‍ ആയതിനാല്‍ നിങ്ങളുടെ വാക്കുകള്‍ പുതുതലമുറയെ ബാധിക്കും. ചോദ്യം വിവാദമാണെന്ന് മനസിലായാല്‍ ചോദിക്കാതിരിക്കാനുള്ള ബോധമുണ്ടാകണം. സ്വയം വിഡ്ഢിയാകരുതെന്നും ശോഭയോടായി അവര്‍ പറയുന്നു. അതേസമയം ധ്യാന്‍ നല്‍കിയത് നല്ല മറുപടിയാണെന്നും യുവതി പറയുന്നുണ്ട്.