ഇറച്ചിയിലെ ഐസ് കളയാല്‍ ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് വയ്ക്കാറുണ്ടോ? ഈ അബ​ദ്ധം ഒഴിവാക്കാം

Spread the love

കോട്ടയം : ഫ്രഷ് ആയി ഉണ്ടാക്കാൻ സമയം കിട്ടാതെ വരുമ്പോൾ മിക്ക ആളുകളും ചെയ്യുന്ന ഒന്നാണ് ചിക്കനും ബീഫുമൊക്കെ നേരെ ഫ്രീസറിൽ കയറ്റുക. പിന്നീട് രാവിലെ ഐസ് പോകാൻ ഫ്രീസറിൽ നിന്ന് കുറച്ചു സമയം പുറത്തെടുത്ത് വെയ്ക്കും. എന്നാൽ രീതി ചിലപ്പോൾ പണി തരാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഫ്രീസറിൽ വെച്ചു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്കും ഈ പറഞ്ഞ മാംസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം. എന്നാൽ ഇത് പുറത്തെടുത്ത് വെയ്ക്കുന്ന സമയത്ത് സൂക്ഷിക്കണം. ഇങ്ങനെ പുറത്തെടുത്ത് വെച്ച് മാംസത്തിൽ നിന്ന് ഐസ് കളയുമ്പോൾ മാരകമായ പല ബാക്ടീരിയകളും വളരാനും നിരവധി ആരോ​ഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ലോകാരോ​ഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷനും പറയുന്നു.

ഇറച്ചി സാധാരണ താപനിലയിൽ ഐസ് കളയാനായി വയ്ക്കുമ്പോൾ അതിന്റെ പുറംഭാ​ഗത്തിന് നിന്ന് ഐസ് നീങ്ങി ആ ഭാ​ഗം ചൂടാകാനും ഉള്ള് തണുത്തിരിക്കുകയും ചെയ്യുന്നു. ഏകദേശം 4.4 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില എത്തിക്കഴിഞ്ഞാല്‍, ആ ഭക്ഷണം പിന്നെ രണ്ട് മണിക്കൂറിൽ കൂടുതൽ വയ്ക്കുകയാണെങ്കിൽ, ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. ഇത് വിഷാംശം പുറപ്പെടുവിക്കുകയും ശരീരത്തിലെത്തിയാൽ പ്രതിരോധശേഷി കുറയ്ക്കാനും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, വേവിക്കാത്ത ഇറച്ചി ഉൾപ്പെടെയുള്ള, പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ താപനിലയില്‍ സൂക്ഷിക്കരുതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രിക്കൾച്ചർ കർശനമായി നിർദേശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാൽമൊണല്ല, ഇ-കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾക്ക് വെറും 20 മിനിറ്റിനുള്ളിൽ ഇരട്ടിയാകാൻ കഴിയും.

ഇറച്ചിയിലെ ഐസ് കളയുന്നത് ഇങ്ങനെ

  • ഫ്രീസറിൽ നിന്ന് ഇറച്ചി എടുത്ത് ഫ്രിജിന്റെ താഴെത്തട്ടിൽ ഒരു പാത്രത്തിൽ വയ്ക്കുക. ഇറച്ചിയുടെ വലുപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാൻ സമയമെടുത്തേക്കാം. ഈ രീതിയിൽ ഐസ് കളയുമ്പോൾ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയിൽ (4.4°C-ന് താഴെ) ആയിരിക്കും. ഇത് സുരക്ഷിതമാണ്.
  • ഇറച്ചി ഒരു ബാഗിലാക്കി, തണുത്ത വെള്ളത്തിൽ താഴ്ത്തി വെക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഐസ് പോയിക്കിട്ടും.
  • മിക്ക മൈക്രോവേവ് ഓവനുകളിലും ഡിഫ്രോസ്റ്റ് എന്നൊരു സംവിധാനം ഉണ്ടാകും. ഇത് ഉപയോഗിച്ചും വേഗത്തിൽ ഐസ് കളയാം.