
കോട്ടയം: അവധിക്കാലം എത്തുന്നതോടെ യാത്രകൾ പ്ലാൻ ചെയ്യുന്ന ശീലം പലർക്കുമുണ്ട്. ചിലർക്ക് ആഭ്യന്തര യാത്രകളോടായിരിക്കാം താത്പ്പര്യമെങ്കിൽ മറ്റ് ചിലർക്ക് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളോടായിരിക്കും പ്രിയം. എന്നാൽ, അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ട്രാവൽ ഇൻഷുറൻസ് എന്ന കാര്യം നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന ഒന്നായിരിക്കില്ല. പക്ഷേ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളിൽ ഒന്നാണിത്. കാരണം, യാത്ര എന്നത് എത്രത്തോളം പ്രവചനാതീതമാകുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് അടുത്തിടെ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടം.
വിമാനം വൈകുന്നത്, ലഗേജ് നഷ്ടപ്പെടുക, മെഡിക്കൽ ആവശ്യങ്ങൾ, യാത്ര റദ്ദാക്കൽ തുടങ്ങിയ അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ ശരിയായ ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഗുണം ചെയ്യും. ട്രാവൽ ഇൻഷുറൻസിന്റെ ആവശ്യകതകളും ഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ട്രാവൽ ഇൻഷുറൻസ് നൽകുന്ന പരിരക്ഷകൾ എന്തൊക്കെയാണെന്ന് അറിയുക

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു നല്ല ട്രാവൽ ഇൻഷുറൻസ് പോളിസിയിൽ സാധാരണയായി നിങ്ങളുടെ യാത്രയിലെ സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള നിരവധി പ്രധാന പരിരക്ഷകൾ ഉണ്ടാകും. യാത്രകൾ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ടിവന്നാൽ അത് കവറേജിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ നിങ്ങൾക്ക് പ്രീപെയ്ഡ് ചെലവുകൾ തിരികെ ലഭിക്കും. വിദേശത്ത് വലിയ ആശുപത്രി ബില്ലുകൾ അടയ്ക്കേണ്ടിവരില്ലെന്ന് എമർജൻസി മെഡിക്കൽ കവറേജ് ഉറപ്പാക്കുന്നു. കൂടാതെ നിങ്ങൾക്ക് ഗുരുതരമായ അസുഖമോ പരിക്കോ ഉണ്ടായാൽ നിങ്ങളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും.
നിങ്ങളുടെ ബാഗേജ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിലുള്ള സാധനങ്ങളുടെ മൂല്യം കണക്കാക്കി നിങ്ങൾക്ക് വാങ്ങേണ്ട അവശ്യവസ്തുക്കൾക്ക് പണം തിരികെ ലഭിക്കാൻ ബാഗേജ് കവറേജ് സഹായിക്കും. മാത്രമല്ല, നിങ്ങളുടെ യാത്ര അപ്രതീക്ഷിതമായി മാറ്റിവച്ചാൽ ഭക്ഷണം, ഹോട്ടലുകൾ, ഗതാഗതം എന്നിവയ്ക്കുള്ള പണം തിരികെ ലഭിക്കാൻ ട്രാവൽ ഡിലേ കവറേജ് സഹായിക്കും. ഈ ആനുകൂല്യങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്ന സമഗ്രമായ ട്രാവൽ ഇൻഷുറൻസ് കണ്ടെത്തുക.
നിങ്ങളുടെ ലക്ഷ്യസ്ഥാനം പ്രധാനമാണ്
നിങ്ങൾക്ക് ഏതുതരം ട്രാവൽ ഇൻഷുറൻസ് പരിരക്ഷയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ വലിയ പങ്കുവഹിക്കുന്നു. യുഎസ്എ, ജപ്പാൻ, ഓസ്‌ട്രേലിയ പോലെ ഉയർന്ന മെഡിക്കൽ ചെലവുകളുള്ള രാജ്യങ്ങളിലേക്ക് നിങ്ങൾ പോകുകയാണെങ്കിൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനിൽ കൂടുതൽ തുക എമർജൻസി മെഡിക്കൽ കവറേജിലുണ്ടെന്ന് ഉറപ്പാക്കുക. സ്കീയിംഗ്, സ്കൂബ ഡൈവിംഗ് അല്ലെങ്കിൽ ട്രെക്കിംഗ് പോലുള്ള സാഹസിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നവർക്ക് സാധാരണ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ കൊണ്ട് പ്രയോജനം ലഭിക്കണമെന്നില്ല. അതിനാൽ അഡ്വഞ്ചർ ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, രാഷ്ട്രീയ അസ്ഥിരതയോ പതിവ് പ്രകൃതി ദുരന്തങ്ങളോ ഉള്ള പ്രദേശങ്ങളിലേക്ക് നിങ്ങൾ പോകുകയാണെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് പ്ലാനിൽ ഇവാക്വേഷൻ കവറേജ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഇൻഷുറൻസ് കവറേജ് പരിധികൾ പരിശോധിക്കുക
ഏതെങ്കിലും പോളിസി എടുക്കുന്നതിന് മുമ്പ്, യാത്ര റദ്ദാക്കിയാലുള്ള റീഇംബേഴ്‌സ്‌മെന്റ് പരിധി നിങ്ങളുടെ പ്രീപെയ്ഡ് ചെലവുകൾ നികത്താൻ പര്യാപ്തമാണെന്ന് ഉറപ്പാക്കുക. കൂടാതെ മെഡിക്കൽ ആവശ്യങ്ങൾ, അഡ്വഞ്ചർ സ്പോർട്സ്, ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുള്ള ഇവാക്വേഷൻ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തൊക്കെയാണ് ഇൻഷുറൻസ് പരിധിക്ക് പുറത്തുള്ളതെന്ന് മനസിലാക്കണം. കാരണം പല വിലകുറഞ്ഞ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളും പരിമിതമായ കവറേജ് തുകകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വിശദാംശങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കാൻ സഹായിക്കും. വിദേശ യാത്രകൾക്ക് എമർജൻസി മെഡിക്കൽ കവറേജിൽ കുറഞ്ഞത് 1,00,000 യുഎസ് ഡോളർ (85,81,000 രൂപ) എങ്കിലും ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
ട്രാവൽ ഇൻഷുറൻസ് പ്ലാനുകളെയും ദാതാക്കളെയും താരതമ്യം ചെയ്യുക
സാധാരണയായി ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഏതൊക്കെയാണെന്ന് തിരയുമ്പോൾ ഓൺലൈനിൽ ആദ്യം കണ്ടെത്തുന്ന ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇതിന് പകരം, ലഭ്യമായ ട്രാവൽ ഇൻഷുറൻസുകളെ താരതമ്യം ചെയ്യുകയും കസ്റ്റമർ റിവ്യൂ പരിശോധിക്കുകയും വിദ്ഗധരുടെ അഭിപ്രായം തേടുകയും വേണം. ഇൻഷുറൻസ് കവറേജ് അതിന് ഈടാക്കുന്ന തുകയെ സാധൂകരിക്കുന്നതായിരിക്കണം എന്നതാണ് പ്രധാനം.
വാർഷിക പോളിസികളും സിംഗിൾ-ട്രിപ്പ് പോളിസികളും പരിഗണിക്കുക
നിങ്ങൾ ഒരു വർഷത്തിൽ നിരവധി യാത്രകൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ഒരു വാർഷിക ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വാർഷിക പ്ലാനുകൾ സാധാരണയായി 12 മാസത്തിനുള്ളിൽ പരിധിയില്ലാത്ത യാത്രകൾ ഉൾക്കൊള്ളുന്നവയാണ് (ഒരു യാത്രയ്ക്ക് പരമാവധി യാത്രാ ദൈർഘ്യം ഉണ്ടാകും). കൂടാതെ പതിവ് യാത്രക്കാർക്ക് ഇത് താരതമ്യേന ചെലവ് കുറഞ്ഞതുമാണ്. ഒരു അവധിക്കാല യാത്രയ്ക്ക് മാത്രമാണ് നിങ്ങൾ പദ്ധതിയിടുന്നതെങ്കിൽ സിംഗിൾ-ട്രിപ്പ് പ്ലാനുകൾ പരിഗണിക്കാം.
ട്രാവൽ ഇൻഷുറൻസ് നേരത്തെ എടുക്കുക
നിങ്ങളുടെ യാത്ര ഉറപ്പാകുന്ന നിമിഷം തന്നെ ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുക. അപ്രതീക്ഷിതമായി യാത്ര റദ്ദാക്കേണ്ടി വന്നാൽ ട്രിപ്പ് ക്യാൻസലേഷൻ കവറേജ് പോലെയുള്ള വിലപ്പെട്ട പരിരക്ഷകൾ ലഭിക്കാൻ നിങ്ങളെ ഇത് സഹായിക്കും. വിമാനം, ഹോട്ടലുകൾ തുടങ്ങിയവയ്ക്ക് വേണ്ടി പണം ചെലവാക്കുന്ന നിമിഷം മുതൽ നിങ്ങൾക്ക് പരിരരക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും. യാത്രകളിൽ ആദ്യം വേണ്ടത് മനസമാധാനമാണെന്നതിനാൽ ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുകയെന്നത് ഏറെ പ്രധാനമാണ്.