‘പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ല’; കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി

Spread the love

എറണാകുളം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി.കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചത്.തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്‍റെ വിവാഹം ഈ മാസം 13നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് പ്രശാന്ത് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊന്ന കേസിലായിരുന്നു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.

എന്നാല്‍ പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറായില്ല.ഇതോടെ പ്രശാന്തിന്‍റെ അമ്മ മകന് പരോള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതരെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നാണ് കേസ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് പരോള്‍ അനുവദിച്ചത്.പെണ്‍കുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു എന്നും രേഖപ്പെടുത്തിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വിധന്യായം പുറപ്പെടുവിച്ചത്.