
പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട്ട് വീട്ടുമുറ്റത്ത് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി 4) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആൽപിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.വൈകിട്ട് എൽസി കുട്ടികളെയും കൂട്ടി കാറിൽ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. എല്ലാവരും കാറിൽ കയറിയതിന് ശേഷം എൽസി വാഹനം സ്റ്റാർട്ട് ചെയ്യുകയും ഇതിനുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിന് തീപിടിച്ചെന്നുമാണ് വിവരം.
ആർക്കും കാറിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നും വിവരമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group