
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രം വീണ്ടും തുറക്കുന്നു. 15 മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഫാം അടച്ചിട്ടിരിക്കുകയായിരുന്നു. ആദ്യഘട്ടമായി തൊടുപുഴ കോലാനി ഫാമില്‍ നിന്നും ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പെട്ട 1372 കോഴിക്കുഞ്ഞുങ്ങളെ എത്തിക്കും.
അടുത്ത മാസം മാതൃപിതൃ ശേഖരത്തിനായി മണ്ണൂത്തി യൂണിവേഴ്സി പൗള്‍ട്രിഫാമില്‍നിന്ന് ഒരു ദിവസം പ്രായമായ 1800 കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരും. ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സെന്‍ട്രല്‍ പൗള്‍ട്രി ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍നിന്ന് കാവേരിയിനത്തില്പെട്ട കോഴികളുടെ 4000 മുട്ടകള്‍ വിരിയിക്കാനായി എത്തിക്കും.
പക്ഷിപ്പനി തടയാന്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഫാം തുറക്കുന്നത്. 10 കൂടുകളാണ് ഇവിടെയുള്ളത്. കൂടുകളും പരിസരവും പല തവണ അണുവിമുക്തമാക്കിയശേഷമാണു പ്രവര്‍ത്തനം തുടങ്ങുന്നത്. കൂടുകളില്‍ പെയിന്റിംഗടക്കമുള്ള നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ എല്ലാ കൂടുകളിലും കോഴികളെ ഇടുന്നില്ല. പക്ഷികള്‍ കടക്കാതെ സംരക്ഷിക്കാന്‍ കൂടുകള്‍ക്ക് ചുറ്റും നൈലോണ്വലയിട്ടു. തുറന്ന വരാന്തയുള്ള കൂടുകളിലാണ് വലയിട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാമിലേക്ക് വരുന്ന വാഹനങ്ങളുടെ ടയറുകള്‍ അണുവിമുക്തമാക്കാന്‍ പ്രധാന ഗേറ്റില്‍ 12 അടി നീളത്തിലും 12 അടി വീതിയിലും കോണ്‍ക്രീറ്റിട്ട് വീല്ഡിപ്പ് നിര്‍മിച്ചിട്ടുണ്ട്. ടയറുകള്‍ അണുവിമുക്തമാക്കാന്‍ ഹൈപ്പോക്ലോറേറ്റ് ലായനി ഇവിടെ നിറയ്ക്കും.
ജീവനക്കാര്‍ക്ക് കടന്നുവരാന്‍ മറ്റൊരു ചെറിയ ഗേറ്റ് നിര്‍മിക്കും. കൂടുകളിലേക്ക് കടക്കുന്ന ജീവനക്കാരുടെ കാലുകള്‍ അണുവിമുക്തമാക്കാന്‍ എല്ലാ കൂടിന്റെയും പ്രവേശനഭാഗത്ത് സംവിധാനമൊരുക്കിയിട്ടുണ്ട്. ഫാമിനു ചുറ്റുമുള്ള മരങ്ങളുടെ ശിഖരങ്ങളും വെട്ടിമാറ്റും.
ഫാമിനടുത്തേക്ക് പുറത്തുനിന്ന് വരുന്നവരുടെ തിരക്ക് കുറയ്ക്കാന്‍ സെയില്‍സ് കൗണ്ടര്‍ പ്രവേശന കവാടത്തിനടുത്തേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. 2024-25, 2025-26 വര്‍ഷങ്ങളില്‍ ഫാമിന്റെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.
2024 മേയിലാണ് ഫാമില്‍ എച്ച്5 എന്‍1 പിടിപെട്ട് കോഴികള്‍ കൂട്ടത്തോടെ ചത്തത്. ആകെ 9175 കോഴികളെ ദയാവധത്തിന് വിധേയമാക്കി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഒരു വര്‍ഷമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വന്‍ നഷ്ടമാണ് പൗള്‍ട്രി ഫാമിന് നേരിട്ടത്. 2023-24 വര്‍ഷം 95 ലക്ഷം രൂപ പൗള്‍ട്രി ഫാമില്‍നിന്ന് വരുമാനം കിട്ടിയിരുന്നു.
കോഴിവളര്‍ത്തല്‍കേന്ദ്രത്തില്‍ കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പമായി ചേര്‍ന്ന് പച്ചക്കറി, പൂക്കൃഷിക്കും തുടക്കമായി. പച്ചക്കറിവ്യാപനം സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും സാധ്യമാക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഏഴര ഏക്കര്‍ സ്ഥലമുള്ള ഫാമില്‍ 70 സെന്റ് സ്ഥലത്താണ് വിവിധതരം പച്ചക്കറിയും പൂകൃഷിയും നടത്തുന്നത്. ഇതിന് 50,000 രൂപ കൃഷിവകുപ്പ് നല്‍കിയിരുന്നു. ഫാമിലെ ജീവനക്കാര്‍ തന്നെയാണ് കൃഷിചെയ്യുന്നത്.