
കൊച്ചി: ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി ഉത്തരവ് ഇനിയുള്ള പല കേസുകളിലും നിര്‍ണ്ണായകമാകും.
അത്തരമൊരു കേസില്‍ അറസ്റ്റിലായാല്‍ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവില്‍ പറയുന്നു.
ബലാത്സംഗക്കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസില്‍ കോടതികള്‍ ജാഗ്രത കാണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാഹചര്യം പരിശോധിക്കാതെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും -കോടതി പറഞ്ഞു.
ഹര്‍ജിക്കാരനുമായി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.
നവംബറില്‍ ഹര്‍ജിക്കാരനോടൊപ്പം വയനാട്ടിലേക്ക് പോകുംവഴി ഹോട്ടല്‍മുറിയില്‍വെച്ച് തന്നെ ബലാത്സംഗംചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മതബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തമായിരുന്നുവെന്ന് കോടതി വിലയിരുത്തി.
ഇത്തരമൊരു കേസില്‍ പിടിയിലായാല്‍ ഒരിക്കലും കഴുകിക്കളയാനാകാത്തവിധം അതിന്റെ കറ ജീവിതത്തിലുടനീളമുണ്ടാകും. പരസ്പര സമ്മതപ്രകാരമുള്ള ശാരീരികബന്ധത്തിന് ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളില്‍ മാറിയ സാഹചര്യങ്ങളും കോടതികള്‍ കണക്കിലെടുക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കുന്നത്.