മൊബൈലിൽ നിന്ന് സന്ദേശങ്ങൾ അയയ്ക്കാൻ ഇനി ഇന്റർനെറ്റ് വേണ്ട: പുതിയ മെസേജിംഗ് ആപ്പ് വരുന്നു

Spread the love

ഡൽഹി: .മെറ്റ, ടെലഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ കമ്പനികളെ വെല്ലുവിളിച്ച്‌ പുതിയ മെസേജിങ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസി.
ബിറ്റ്ചാറ്റ് (Bitchat) എന്ന് പേരിട്ടിരിക്കുന്ന ഈ മെസേജിങ് ആപ്പിന്റെ പ്രവർത്തനം മുൻനിര മെസേജിങ് ആപ്പുകളായ വാട്സാപ്പ്, ടെലഗ്രാം പോലുള്ളയില്‍ നിന്ന് വ്യത്യസ്തമാണ്.

എന്താണ് ബിറ്റ്ചാറ്റ് 
സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ ഇന്റർനെറ്റ് കണക്ടിവിറ്റി ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത. വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകള്‍ പ്രവർത്തിക്കാൻ ഇന്റർനെറ്റ് ആവശ്യമാണ്. വികേന്ദ്രീകൃത പിയർ ടു പിയർ നെറ്റ് വർക്ക് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ടൊറന്റ് നെറ്റ് വർക്കിനെ പോലെ അടുത്തുള്ള ബ്ലൂടൂത്ത് സൗകര്യമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ എൻക്രിപ്റ്റഡ് മെസേജിങ് സൗകര്യമാണ് ബിറ്റ് ചാറ്റ് വാഗ്ദാനം ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ നമ്മള്‍ അയക്കുന്ന ഒരു സന്ദേശം അടുത്തുള്ള ഉപകരണങ്ങളിലെ ബ്ലൂടൂത്ത് നെറ്റ് വർക്കിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അടുത്തുള്ള ഏതെങ്കിലും ബ്ലൂടൂത്ത്

ഉപകരണം മതി കണക്ടിവിറ്റി നിലനിർത്താൻ.
അതേസമയം ബ്ലൂടൂത്ത് റേഞ്ചിന്റെ പരിധി ഏകദേശം 100 മീറ്റർ വരെയാണ്. എന്നാല്‍ ബിറ്റ് ചാറ്റിന് 300 മീറ്റർ വരെ സന്ദേശങ്ങള്‍ റിലേ ചെയ്യാനാവുമെന്നാണ് ഡോർസി പറയുന്നത്. സന്ദേശങ്ങള്‍ സെർവറുകളില്‍ ശേഖരിക്കുന്നതിന് പകരം ഫോണുകളില്‍ തന്നെയാണ് സൂക്ഷിക്കുക. അത് പിന്നീട് സ്വയം നീക്കംചെയ്യപ്പെടുകയും ചെയ്യും. അതുമാത്രമല്ല ബിറ്റ്ചാറ്റ് ഉപയോഗിക്കാൻ ഫോണ്‍ നമ്പറുകളോ സെർവറുകളോ ആവശ്യമില്ല. നിലവില്‍ ടെസറ്റ് ഫ്ളൈറ്റ് പ്ലാറ്റ്ഫോമില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് ബിറ്റ്ചാറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ വിവരങ്ങള്‍ ജാക്ക് ഡോർസി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂടൂത്ത് മെഷ് നെറ്റ് വർക്ക്, റിലേ, സ്റ്റോർ ആന്റ് ഫോർവേഡ് മോഡല്‍സ്, മെസേജ് എൻക്രിപ്ഷൻ മോഡലുകള്‍ ഉള്‍പ്പടെയുള്ളവുമായി ബന്ധപ്പെട്ട തന്റെ വാരാന്ത്യ പ്രൊജക്‌ട് എന്ന കുറിപ്പോടെയാണ് ടെസ്റ്റ് ഫ്ളൈറ്റ് ലിങ്കും ഗിറ്റ്ഹബ്ബ് ലിങ്കും ഡോർസി പങ്കുവെച്ചിരിക്കുന്നത്.

ഇന്റർനെറ്റുമായി ബന്ധമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബിറ്റ്ചാറ്റ് കൂടുതല്‍ സ്വകാര്യത നല്‍കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത് ഇതിന് പുറമെ മെസേജുകള്‍ എൻക്രിപ്റ്റ് ചെയ്യപ്പെടും. ബ്ലൂടൂത്ത് വഴിയാണ് ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ സഞ്ചരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ സൃഷ്ടിക്കുന്ന ഒരു നെറ്റ് വർക്കിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.

പാസ് വേഡ് ഉപയോഗിച്ച്‌ സുരക്ഷിതമാക്കിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ, ഒരു ഉപഭോക്താവ് ഓഫ്ലൈൻ ആണെങ്കിലും സന്ദേശങ്ങള്‍ അയക്കാനാവുന്ന സ്റ്റോർ ആന്റ് ഫോർവേഡ് ഫീച്ചർ എന്നിവ ബിറ്റ് ചാറ്റിന്റെ സവിശേഷതകളാണ്. വരും അപ്ഡേറ്റുകളില്‍ വൈഫൈ ഡയറക്‌ട് ഫീച്ചറും ഇതില്‍ വരുമെന്നാണ് റിപ്പോർട്ടുകള്‍. ഇതുവഴി ആപ്പിലൂടെയുള്ള സന്ദേശ കൈമാറ്റം കൂടുതല്‍ വേഗമുള്ളതാവും.
വാട്സാപ്പും ടെലഗ്രാമും ഉപഭോക്താക്കളുടെ ഡേറ്റ വൻതോതില്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കാൻ അക്കൗണ്ട് പോലും നിർമിക്കേണ്ടെന്ന് പറഞ്ഞ് ബിറ്റ് ചാറ്റ് രംഗപ്രവേശം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താവിന് തന്റെ പേരും ഫോണ്‍നമ്പറും ഇമെയിലും ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ ബിറ്റ്ചാറ്റിന് നല്‍കേണ്ടി വരില്ല. എന്നാല്‍ ഇത്തരം ഒരു ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.

വാട്സാപ്പിന് വെല്ലുവിളിയാവുമോ
അടുത്തകാലത്തൊന്നും അത് സംഭവിക്കാനിടയില്ല. തൊട്ടടുത്ത് ആളുകളുള്ള സ്ഥലത്ത് എന്നാല്‍ നെറ്റ് വർക്ക് ലഭ്യമല്ലാത്ത ഇടങ്ങളില്‍ നിന്ന് സന്ദേശം അയക്കാൻ ബിറ്റ് ചാറ്റ് വഴി സാധിക്കും. എന്നാല്‍ തൊട്ടരികില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയ്ക്ക് സഹായിക്കുന്ന ഉപകരണങ്ങളൊന്നുമില്ലെങ്കില്‍ ബിറ്റ് ചാറ്റില്‍ സന്ദേശം അയക്കാനാവില്ല. ഇങ്ങനെ അയക്കുന്ന സന്ദേശങ്ങള്‍ സൂക്ഷിച്ച്‌ വെച്ച്‌ പിന്നീട് കണക്ടിവിറ്റി സാധ്യമാകുമ്ബോള്‍ അയക്കുന്ന രീതിയാണ് ബിറ്റ് ചാറ്റ് പിന്തുടരുന്നത്. എന്നാല്‍ വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകള്‍ക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കില്‍ നമ്മള്‍ ഒറ്റയ്ക്കാണെങ്കിലും സന്ദേശം അയ്ക്കാനാവും.