സ്വന്തം ലേഖകൻ
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൂഗ്ലീയിൽ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികൻറെ മൃതദേഹം കണ്ടെത്തി. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരി(41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തനിവാരണസേനയും പോലീസും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടം നടന്നതിന് ഒരു കിലോമീറ്റർ അകലയായി മൃതദേഹം കണ്ടെത്തിയത്.എന്നാൽ വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവതിരുന്നതാണ് ചഞ്ചൽ ലാഹിരിയുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.100 വർഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ”കാണാതാകൽ” വിദ്യ അനുകരിക്കവെയാണു ലാഹിരി അപകടത്തിൽപ്പെട്ടത്. ആറടി ഉയരമുള്ള കൂട്ടിലടച്ചു ഹൗറ പാലത്തിൽനിന്ന് അദ്ദേഹത്തെ ഹൂഗ്ലി നദിയിലേക്ക് ഇറക്കിയത്. പിന്നീടിയാൾ നദിയുടെ ആഴങ്ങളിൽ അകപ്പെടുകയായിരുന്നു.ആറ് പൂട്ടുകളാൽ ബന്ധിച്ചാണ് ലാഹിരി നദിയിലേക്കിറങ്ങിയത്. പൂട്ടുകളെല്ലാം തകർത്ത് അദ്ദേഹം പുറത്തു വരുന്നതും കാത്ത് കാണികൾ ഏറെ നേരം പ്രതീക്ഷിച്ചിരുന്നു. എന്നാൽ മണിക്കൂറുകളായിട്ടും ലാഹിരി തിരിച്ചെത്തായതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. 2013ൽ ഇതേപ്രകടനം വിജയകരമായി പൂർത്തിയാക്കിയ ആളാണ് ലാഹിരി.