കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ അപകടാവസ്ഥയിൽ: താമസക്കാർ ആശങ്കയിൽ: കാട് ശല്യം കാരണം വെട്ടിത്തെളിച്ച് പച്ചക്കറി കൃഷി നടത്തിയതിന് വിലക്ക്

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്‌റ്റല്‍ മാത്രമല്ല കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും അപകടാവസ്‌ഥയില്‍.
ഹോസ്‌റ്റല്‍ കെട്ടിടത്തിനു സമാനമായി പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണു ക്വാര്‍ട്ടേഴ്‌സ്.

ചാത്തുണ്ണിപാറ ഭാഗത്ത്‌ 34 ഓളം ജി ടൈപ്പ്‌ ക്വാര്‍ട്ടേഴ്‌സാണുള്ളത്‌. ആശുപത്രിയിലെ നഴ്‌സിങ്‌ അസിസ്‌റ്റന്റ്‌, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങളാണ്‌ അപകടാവസ്‌ഥയില്‍. ജീവനക്കാരുടെ കുട്ടികളും പ്രായമായ മാതാപിതാക്കള്‍ വരെ ഇവിടെ താമസിക്കുന്നുണ്ട്‌.

ഏതു നിമിഷവും ബിന്ദുവിനു സംഭവിച്ചതുപോലുള്ള അപകടം മുന്നില്‍ കണ്ടാണു തങ്ങളും കഴിയുന്നതെന്നു ജീവനക്കാര്‍ പറയുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ സീലിംഗ് പൊട്ടി പൊളിഞ്ഞ നിലയിലാണ്‌. തറയും തകർന്നു. എലി ശല്യവും ഏറെയാണ്‌. ഒട്ടുമിക്ക ക്വാര്‍ട്ടേഴ്‌സിലെ അടുക്കളയും ശൗചാലയവും തകര്‍ന്ന നിലയിലാണ്‌. സെപ്‌റ്റിക്‌ ടാങ്ക്‌ പൊട്ടിയൊലിക്കാന്‍ തുടങ്ങിട്ടു മാസങ്ങളായി. ദുര്‍ഗന്ധം സഹിച്ചാണ്‌ ഇവര്‍ താമസിക്കുന്നത്‌. പല ക്വാര്‍ട്ടേഴ്‌സും ചോര്‍ന്നൊലിക്കുകയാണ്‌. ജനല്‍ പാളികള്‍ തകര്‍ന്നതും ജനല്‍ കമ്പികള്‍ തുരുമ്പു പിടിച്ചതുമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിങും സ്വിച്ച്‌ ബോര്‍ഡും തകര്‍ന്ന സാഹചര്യത്തിലാണ്‌. നാലു ക്വാര്‍ട്ടേഴ്‌സ് ഉപയോഗ ശുന്യമായ സ്‌ഥിതിയിലാണ്‌. പരിസരം കാടു കയറിയ നിലയിലുമാണ്‌. മുമ്പ് ഇടയ്‌ക്കിടെ ക്വാര്‍ട്ടേഴ്‌സില്‍ മെയിന്റന്‍സ്‌ പി.ഡബ്ല്യൂ.ഡി നടത്തിയിരുന്നു. നിലവില്‍ വര്‍ഷങ്ങളായി മെയിന്റന്‍സ്‌ നടക്കുന്നില്ല. ജീവനക്കാര്‍ക്കു മറ്റു മാര്‍ഗമില്ലാത്തതു കൊണ്ടു സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയാണു താമസിക്കുന്നത്‌.

പരിസരം കാടു കയറി കിടക്കാതിരിക്കാന്‍ ചില ജീവനക്കാര്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്തു പച്ചക്കറി കൃഷി നടത്തിയിരുന്നു. എന്നാല്‍, ആശുപത്രി അധികാരികളുടെ നിര്‍ദേശ പ്രകാരം കൃഷി നിര്‍ത്തിവയ്‌പിച്ചതായും ആരോപണം ഉണ്ട്‌.

മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലിനും പി.ഡബ്ല്യൂ.ഡി അധികാരികള്‍ക്കും ശോച്യാവസ്‌ഥ പരിഹരിക്കാന്‍ അപേക്ഷ നല്‍കിട്ടും ഒരു നടപടിയുമില്ലെന്നാണു വിവരം. സമാന അവസ്‌ഥയിലായിരുന്ന വിദ്യാര്‍ഥികളുടെ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍ ആരോപണം ഉയര്‍ത്തിയിനെ തുടര്‍ന്നു പ്ലാസ്‌റ്ററിങ്‌ ഉള്‍പ്പടെയുള്ള താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ ചെയ്‌തിരുന്നു.