play-sharp-fill
ടിക് ടോക് പ്രണയം ചതിച്ചു;കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കേരള പൊലീസ് അകത്താക്കി

ടിക് ടോക് പ്രണയം ചതിച്ചു;കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കേരള പൊലീസ് അകത്താക്കി

സ്വന്തം ലേഖിക

ചാവക്കാട്: ഒന്നേകാൽ വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്, ടിക് ടോക്കിൽ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ വിവാഹം കഴിച്ച യുവതി വെട്ടിലായി. വിവാഹിതയും അമ്മയുമാണെന്ന സത്യം മറച്ചുവച്ചായിരുന്നു കാമുകനെ വരിച്ചത്. ഇക്കാര്യമറിഞ്ഞ കാമുകൻ താലികെട്ടി മണിക്കൂറുകൾക്കുള്ളിൽ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം കേസിൽ കുടുങ്ങിയ യുവതി റിമാൻഡിലുമായി. ഇവരുടെ ഭർത്താവ് വിദേശത്താണ്.ചാവക്കാട് എടക്കഴിയൂരിലാണ് സിനിമയെ വെല്ലുന്ന കാര്യങ്ങൾ അരങ്ങേറിയത്. എടക്കഴിയൂർ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി വെള്ളിയാഴ്ച കുട്ടിയെ അയൽവാസിയുടെ അടുക്കലാക്കി കണ്ണൂർ മയ്യിൽ സ്വദേശിയായ കാമുകനടുത്തേക്കാണ് പോയത്. കടയിൽ പോയി ഉടൻ തിരിച്ചെത്താമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഏല്പിച്ചത്.ശനിയാഴ്ച യുവതി കാമുകനും ബന്ധുക്കൾക്കുമൊപ്പം ക്ഷേത്രത്തിൽ പോയി താലി കെട്ടി. എന്നാൽ, ഇവർക്ക് ഭർത്താവും കുട്ടിയുമുണ്ടെന്ന് കാമുകന്റെ ബന്ധുക്കൾക്ക് വൈകാതെ വിവരം കിട്ടി. അതോടെ യുവതിയെ കാമുകൻ വേണ്ടെന്നു വച്ചു. യുവതി ഗത്യന്തരമില്ലാതെ സ്വന്തം വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞു.യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്ന മയ്യിൽ പൊലീസിനെ ബന്ധുക്കൾ വിവരമറിയിച്ചു. തുടർന്ന് എസ്.ഐമാരായ അബ്ദുൾ ഹക്കീം, നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ, യുവതിയെ സ്വീകരിക്കാൻ സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും തയ്യാറായില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ യുവതിയെ തൃശൂർ വനിതാ ജയിലിലാണ് റിമാൻഡ് ചെയ്തത്.