
തിരുവനന്തപുരം: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി (77)അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമിയിലെ തൊഴിലാളികളുടെ സംഘടനയായ വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്റെ തുടക്കം മുതലുള്ള പ്രസിഡന്റുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിതുര, ചാരുപാറ വസന്ത വിലാസത്തിൽ ജനാർദനൻ ഉണ്ണിത്താന്റെയും സുമതിയമ്മയുടേയും മകനായി 1949 ലായിരുന്നു ജനനം.
ജയപ്രകാശ് നാരായണൻ, രാംമനോഹർ ലോഹ്യ, മഹാത്മാഗാന്ധി എന്നിവരുടെ ദർശനങ്ങളിൽ ആകൃഷ്ടനായി പതിനെട്ടാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം.
വിദ്യാഭ്യാസകാലത്ത് ഐ എസ് ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
തൊഴിലാളി നേതാവ് എന്ന നിലയിൽ തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. മിനിമം വേതനം ആവശ്യപ്പെട്ട് വിവിധ എസ്റ്റേറ്റുകളിൽ എച്ച് എംഎ സ് തൊഴിലാളികൾ നടത്തിയ ദീർഘകാലം സമരത്തെ എതിർപ്പുകൾക്കിടയിലും നയിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പോലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. നാലു മാസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.