
കൊച്ചി: പ്രദേശവാസികളുടെ ആക്രമണത്തിനിരയായ ഭിന്നശേഷിക്കാരനെയും സഹോദരനെയും ആശുപത്രിയിൽ നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയി ചിങ്ങവനം പൊലീസ് മർദ്ദിച്ചെന്ന കേസിൽ സർക്കാരിനും പൊലീസിനുമടക്കം ഹൈക്കോടതി നോട്ടീസ്. ഭിന്നശേഷിക്കാരനായ മകൻ വിഷ്ണുവിനും ഇളയ മകൻ ജിഷ്ണുവിനും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി തേടി മാതാവ് കോട്ടയം കുറിച്ചി സ്വദേശി ലജിത കുമാരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
ഹർജിക്കാരിയും ഭിന്നശേഷിക്കാരിയാണ്. ഇവർക്കും വിഷ്ണുവിനും വീട്ടിൽവച്ച് മർദ്ദനമേറ്റതിനെ തുടർന്ന് മാർച്ച് 26ന് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ ചിങ്ങവനം എസ്.ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ മറ്റ് രണ്ട് പേർക്കൊപ്പമെത്തി വിഷ്ണുവിനെയും ജിഷ്ണുവിനെയും ആശുപത്രിയിൽ നിന്ന് വലിച്ചിറക്കി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.
ഡോക്ടറുടെ തടസവാദം പരിഗണിക്കാതെയാണ് കൊണ്ടു പോയത്. ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു. പരിക്കുകൾ ഗുരതരമായതോടെ പൊലീസ് വിഷ്ണുവിനെ ആദ്യം കോട്ടയം ജനറൽ ആശപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലെത്തിയ പൊലീസ് ഇരുവരെയും വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹർജിക്കാരി ഹൈക്കോടതിയിൽ ഹാജരാക്കി. 50 ലക്ഷം രൂപ നഷ്ടപരിഹാരവും കൃത്യത്തിന് നേതൃത്വം നൽകിയ എസ്.ഐക്കും സംഘാംഗങ്ങൾക്കുമെതിരെ നടപടിയും ആവശ്യപ്പെടുന്ന ഹർജി വീണ്ടും ആഗസ്റ്റ് 4ന് പരിഗണിക്കാൻ മാറ്റി.