രാജ്യത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന് ഇന്ന് 37 വര്‍ഷം;അപകടത്തിന്റെ കാരണം ഇന്നും ദൂരൂഹം; സുരക്ഷ കമ്മിഷണറുടെ അന്തിമ റിപ്പോർട്ട് റെയിൽവേ പുറത്തുവിട്ടില്ല;

Spread the love

കൊല്ലം: രാജ്യത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന് ചൊവ്വാഴ്ച 37 വര്‍ഷം പൂര്‍ത്തിയാകും. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വന്‍ജനാവലി ഓര്‍മ്മപ്പൂക്കളുമായി പുലര്‍ച്ചെമുതല്‍ പെരുമണില്‍ എത്തും. 1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലന്‍ഡ് എക്‌സ്പ്രസിന്റെ 10 കോച്ചുകള്‍ പെരുമണ്‍ പാലത്തില്‍നിന്നു അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.

എൻജിനും ഒരു കോച്ചും കടന്നതിന്റെ തൊട്ടുപിന്നാലെ 10 കോച്ചുകൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിൽ പതിക്കുകയായിരുന്നു. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അപകടത്തിൽ 500ൽ ഏറെ പേർക്ക് സാരമായി പരുക്കേറ്റു. മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും ഉൾപ്പെടെയുള്ള നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് മരണസംഖ്യ കൂടാതിരുന്നത്.

ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റാണു അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. എങ്കിലും അങ്ങനെയൊരു കാറ്റ് വീശിയോ എന്ന ചോദ്യം ജനമനസ്സുകളിൽ ബാക്കിയാണ്. അന്നത്തെ റെയിൽവേ സേഫ്റ്റി കമ്മിഷണറായിരുന്ന സൂര്യ നാരായണനും അതിനുശേഷം റിട്ട. എയർ മാർഷൽ സി. എസ്. നായിക്കും വ്യത്യസ്തമായ രണ്ട് അന്വേഷണങ്ങൾ നടത്തിയിരുന്നു. അന്തിമറിപ്പോർട്ട് ഇതുവരെ റെയിൽവേ പുറത്തുവിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷ കമ്മിഷണറുടെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ ദക്ഷിണ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ തള്ളിയിരുന്നു. രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇതിനെതിരെ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന് അപ്പീൽ നൽകിയെങ്കിലും ഇതേ വാദം ആവർത്തിച്ച് അപ്പീൽ തള്ളി.

അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് ഓരോ വാർഷികാചരണ ദിനത്തിലും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും എത്തുന്നത്. ദുരന്തത്തിന്റെ 37-ാം വാർഷിക അനുസ്മരണം ഇന്ന് നടക്കും. രാവിലെ 9ന് പെരുമൺ സ്മൃതി മണ്ഡപത്തിൽ ചേരുന്ന യോഗം എൻ. കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിക്കും. ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ. വി. ഷാജി അധ്യക്ഷത വഹിക്കും. വിവിധ സംഘടനകൾ അനുസ്മരണ സമ്മേളനം, പുഷ്പാർച്ചന തുടങ്ങിയവ നടത്തും.