
ആലപ്പുഴ: കത്തി കയറുന്ന തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 30 മുതല്‍ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോള്‍ 80 മുതല്‍ 85വരെയാണ് വില.
വെളിച്ചെണ്ണ വില 500ലേക്ക് അടുക്കുന്നു. ആലപ്പുഴ സ്പെഷ്യല്‍ മീന്‍കറിയുള്‍പ്പടെയുള്ള കേരളീയ വിഭവങ്ങള്‍ക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല.പകരക്കാരെ ഉപയോഗിച്ചാല്‍ രുചി വ്യത്യാസമുണ്ടാകും. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഹോട്ടലുകാര്‍.
ജില്ലയിലെ തട്ടുകടകളില്‍ ഉള്‍പ്പെടെ വലിയ തോതിലാണ് തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്. ദിവസേന ഇരുപത് തേങ്ങകള്‍ വരെ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളുണ്ട്. നഷ്ടത്തിന്റെ പേരില്‍ വിഭവങ്ങള്‍ക്ക് വില കൂട്ടാനും കഴിയില്ല. നാലുമണി പലഹാരങ്ങള്‍ക്ക് മിക്കവരും പാമോയിലിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയോളം രുചി വരില്ലെങ്കിലും ഹോട്ടല്‍ പൂട്ടിപ്പോകാതെ പിടിച്ചുനിര്ത്താമല്ലോ എന്ന ചിന്തയിലാണ് പല കച്ചവടക്കാരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളിലും വെളിച്ചെണ്ണയ്ക്ക് കട്ട് !അവശ്യസാധനങ്ങള്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്നതിനിടെയാണ് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയര്ന്നത്ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം വെളിച്ചെണ്ണ ഉപയോഗിക്കുന്ന തരത്തിലേക്ക് പാചകരീതി പരിഷ്ക്കരിക്കുകയാണ് പല വീട്ടമ്മമാരും.
സാധാരണക്കാരുടെ അടുക്കള ലിസ്റ്റില്‍ നിന്ന് വെളിച്ചെണ്ണയുടെ അളവ് വെട്ടിച്ചുരുക്കി തുടങ്ങിയിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍, തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങളും അധികം താമസിയാതെ അടുക്കളകളില്‍ നിന്ന് പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല.