
തിരുവനന്തപുരം: കേരള സർവകലാശാലയിലെ നാടകീയ സംഭവങ്ങളില്‍ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ.
ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് കേരള സർവകലാശാല താല്‍ക്കാലിക വിസി സിസാ തോമസിനോട് ആവശ്യപ്പെട്ടത്.
ഉടൻ റിപ്പോർട്ട് നല്‍കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. രജിസ്‌ട്രാർ ഡോ.കെ എസ് അനില്‍ കുമാർ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യവും വിശദീകരിക്കണമെന്ന് ഗവർണർ അറിയിച്ചു.
സസ്‌പെൻഷനിലായ രജിസ്‌ട്രാർ ഡോ.കെ എസ് അനില്‍ കുമാർ ഇന്നലെ വീണ്ടും ചുമതലയേറ്റിരുന്നു. സിൻഡിക്കേറ്റ് യോഗത്തില്‍ ജോ.രജിസ്ട്രാർ പി.ഹരികുമാർ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ചുമതലയേറ്റതെന്ന വിവരം പുറത്തുവന്നിരുന്നു. സിൻഡിക്കേറ്റ് യോഗത്തിലെ സംഭവവികാസങ്ങളില്‍ വിസി ഡോ.സിസാ തോമസ്, ഹരികുമാറിനോട് വിശദീകരണം തേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഹരികുമാർ അവധിയില്‍ പ്രവേശിച്ചെന്ന് മാത്രമല്ല വിശദീകരണവും നല്‍കിയില്ല. രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോട്ട് നല്‍കാൻ രണ്ടാഴ്ച സാവകാശവും ചോദിച്ചു. യോഗം താൻ പിരിച്ചുവിട്ടതിന് ശേഷവും അനധികൃതമായി യോഗത്തില്‍ ഹാജരായ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ വിശദീകരണം നല്‍കാനാണ് വി.സി നിർദ്ദേശിച്ചത്.
സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള എല്ലാ തീരുമാനങ്ങളും നിയമപരമായി അസാധുവാണെന്ന് വൈസ് ചാൻസലർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സസ്പെൻഷനിലായിരുന്ന ഡോ. കെ.എസ്.അനില്‍കുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാറായി ചുമതലയേറ്റെന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് സർവകലാശാല കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.