
കോട്ടയം: വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിലെന്ന് പരാതി. ജില്ലയിലെ ഏറ്റവും പഴക്കമുള്ള ആയുർവേദ ആശുപത്രികളിലൊന്നാണ് ഇത്. ദിനംപ്രതി മറ്റു ജില്ലകളിൽ നിന്നുവരെ ചികിത്സയ്ക്കായി ആളുകളിവിടെ എത്തുന്നുണ്ട്. സ്ഥലപരിമിതിയുള്ളതിനാൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങള്‍ വളരെ അടുത്തടുത്തായിയാണ് നിലകൊള്ളുന്നത്.
10 വര്‍ഷത്തിന് മുമ്പ് കെ. അജിത് എംഎല്‍എയായിരുന്ന കാലത്ത് മൂന്ന് നിലകളായി നിര്‍മിച്ച പേയ്മെന്റ് ബ്ലോക്ക് ഇപ്പോള്‍ ജീർണിച്ച അവസ്ഥയിലാണ്. ഇതിലെ സ്യൂട്ടുകളും സിംഗിൾ മുറികളും ഉപയോഗശൂന്യമാണ്. കൂടാതെ സ്യൂട്ടുകള്‍ ഇന്നുവരെ ആരും ബുക്ക് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
മഴ പെയ്‌താൽ വെള്ളം മുഴുവനും കെട്ടിടത്തിനുള്ളിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്. ഇപ്പോഴത്തെ ഫാർമസിയും കഞ്ഞിവെപ്പ് മുറിയും മരുന്ന് സ്റ്റോർ മുറിയും അതിനോടു ചേർന്നുള്ള ശുചിമുറികളും ചോർന്നൊലിക്കുകയാണ്. കഷായപ്പാത്രങ്ങളും മരുന്നു പൊടികളും കുടയുടെ അടിയില്‍ സൂക്ഷിച്ചാണ് ജോലിക്കാർ വിതരണം നടത്തുന്നത്. ഇപ്പോഴും ഈ കെട്ടിടത്തിന് ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group