
കോട്ടയം: മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ഒരു ടിവി ഷോയിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ റിമി പിന്നീട് ഗാന മേളകളിൽ സജീവമായി. ഒടുവിൽ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്ത് എത്തിയ റിമി ടോമിയെ തങ്ങളുടെ വീട്ടിൽ ഒരാളെ പോലെയാണ് മലയാളികൾ കാണുന്നത്. സ്റ്റോജ് ഷോകളിൽ കാണികളെ ഇത്രയധികം ത്രസിപ്പിക്കുന്ന മറ്റൊരു ഗായിക ഉണ്ടോ എന്നത് തന്നെ സംശയമാണ്. എന്തിനും ഏതിനും ആള്‍ റൗണ്ടറായ റിമി ഇപ്പോൾ ജിമ്മിലെ സ്ഥിരം സന്ദർശകയാണ്. ആദ്യം വണ്ണമുണ്ടായിരുന്ന റിമി ഡയറ്റും ജിമ്മിലെ വർക്കൗട്ടും ഒക്കെ ചെയ്ത് മെലിഞ്ഞ് സുന്ദരി ആയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ റിമി ടോമി പലപ്പോഴും ജിമ്മിൽ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ സന്തോഷത്തിന്റെ ഇടമായി മാറിയ ജിമ്മിനെ കുറിച്ച് റിമി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ജിമ്മിനൊരു പ്രണയ ലേഖനം എന്ന് കുറിച്ചു കൊണ്ടാണ് റിമിയുടെ വാക്കുകൾ. ഒപ്പം ഇവിടെ നിന്നുമുള്ള ഫോട്ടോകളും റിമി പങ്കുവച്ചിട്ടുണ്ട്.
“എൻ്റെ ജിമ്മിനൊരു പ്രണയലേഖനം. എൻ്റെ ഏറ്റവും അവശയായ, തിരക്കുള്ള ദിവസങ്ങളിൽ പോലും എങ്ങനെയെങ്കിലും ഇവിടെ എത്തിച്ചാരാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്തുകൊണ്ടാണ് ഞാൻ ഈ സ്ഥലത്തെ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ പോസിറ്റീവ് വൈബ്, സംഗീതം, പവർ ഒക്കെയാകാം അതിന് കാരണം. ഡംബെൽസ് ശരിക്കും എൻ്റെ ഉറ്റ ചങ്ങാതിമാരായി! ജിമ്മ് എൻ്റെ സ്ട്രെസ് റിലീഫ് ആണ്. എന്നെ സന്തോഷിപ്പിക്കുന്ന ഇടമാണ് – എനിക്ക് പനി വരുമ്പോൾ പോലും, എൻ്റെ ആദ്യത്തെ ചിന്ത “ഞാൻ എങ്ങനെ ജിമ്മിൽ പോകും?” എന്നാണ്. കാരണം ഈ സ്ഥലം എൻ്റെ ശരീരത്തെ ആത്മാവിനെയും ഉയർത്തുന്നു”, എന്നാണ് റിമി ടോമി കുറിച്ചത്. പിന്നാലെ റിമിയുടെ മേക്കോവറിനെ അഭിനന്ദിച്ച് നിരവധി പേരും രംഗത്ത് എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group