video
play-sharp-fill

Sunday, July 6, 2025

സ്‌റ്റോക്‌സും മടങ്ങി, ഇംഗ്ലണ്ട് പരാജയ ഭീതിയില്‍; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ വിജയം നാല് വിക്കറ്റ് അകലെ

Spread the love

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം വെറും നാല് വിക്കറ്റ് അകലെ. 608 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 153 എന്ന മോശം സ്ഥിതിയിലാണ്. ഇപ്പോഴും 455 റണ്‍സ് അകലെയാണ് ഇംഗ്ലണ്ട്. നാല് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ആതിഥേയരെ തകര്‍ത്തത്. ജാമി സ്മിത്ത് (32) ക്രീസിലുണ്ട്. ഇന്ന് ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകളാണ് നാഷ്ടമായത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറിന് 427 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

ഇന്ന് രണ്ട് മണിക്കൂറോളം മത്സരം മഴ തടസപ്പെടുത്തിയിരുന്നു. പിന്നാലെ കളി ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 72 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഇന്ന് ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ പോപ്പിന് സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബ്രൂക്കും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ ആകാശിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് സ്‌റ്റോക്‌സ് – സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. വാഷിംഗ്ടണ്‍ സുന്ദറാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. 33 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ വാഷിംഗ്ടണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്.

ഇന്ത്യയുടെ ഹിമാലയന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിതെറ്റി. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഓപ്പണര്‍ സാക് ക്രോളിയെ പോയന്റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്റെ കൈകളിലെത്തിച്ചു. ആദ്യ തിരിച്ചടിയുടെ ഞെട്ടല്‍ പുറത്തുകാട്ടാതെ ബെന്‍ ഡക്കറ്റ് മുഹമ്മദ് സിറാജിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി ബാസ് ബോള്‍ കളിക്കാന്‍ തുടങ്ങി. എന്നാല്‍ റിവ്യൂവില്‍ രക്ഷപ്പെട്ട ഡക്കറ്റിനെ 15 പന്തില്‍ 25 റണ്‍സെടുത്തു നില്‍ക്ക് ആകാശ് ദീപ് ബൗള്‍ഡാക്കി. ഇന്ത്യക്ക് എക്കാലത്തും വലിയ ഭീഷണിയായ ജോ റൂട്ടിന്റെ(6)പ്രൈസ് വിക്കറ്റ് കൂടി നേടിയ ആകാശ് ദീപ് കളി പൂര്‍ണമായും ഇന്ത്യയുടെ കൈകളിലാക്കി. ആകാശ് ദീപിന്റെ പന്തില്‍ ജോ റൂട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ദിനം അവസാന ഓവറുകള്‍ അതിജീവിച്ച ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ നാലാം ദിനം പൂര്‍ത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group