
പത്തനംതിട്ട :കഥാകൃത്ത് ഡോ.സി ഗണേഷിന് തിലകന് സ്മാരക വേദിയുടെ എട്ടാം സംസ്ഥാന സാഹിത്യപുരസ്കാരം ലഭിച്ചു. ബംഗാളിൻ്റെ ചരിത്രം അന്വേഷിക്കുന്ന നോവലായ ബംഗ ആണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി. 10,000രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന താണ് പുരസ്കാരം. ഡോ. ടി. ആരോമല്‍, ഡോ. തുളസീധര കുറുപ്പ്, സബീര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുസ്തകം തിരഞ്ഞെടുത്തത്. ആഗസ്റ്റില്‍ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പുരസ്കാരം സമ്മാനിക്കും.
നക്സലിസത്തിനായി ജീവിതം സമര്‍പ്പിച്ച കനു സന്യാലിന്റെ അവസാന ദിവസത്തില്‍ തുടങ്ങി എട്ട് ചെറുപ്പക്കാര്‍ നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയും ബംഗാളിന്റെ ഇന്നുവരെയുള്ള ചരിത്രം പറയുന്ന നോവലാണ് ബംഗ. നൈതികത ദേശീയ പ്രശ്നമായി മനസ്സിലാക്കുന്നവരാണ് കഥാപാത്രങ്ങള്‍ എല്ലാവരും. കോളനിഭരണവും തേയിലയുടെ ചരിത്രവും ബാവുല്‍ സംഗീതവും ബം ഗാള്‍ ഗസറ്റും ദേശീയഗാനവും നക്സല്‍ബാരി പോരാട്ടവും നന്ദിഗ്രാമും നിര്‍മ്മിച്ചെടുത്ത വംഗദേശത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്.
മലയാള സര്‍വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗം അസി.പ്രൊഫസറും പരീക്ഷാ കണ്‍ട്രോളറുമാണ് ഡോ.സി ഗണേഷ്. ആലോചന സാഹിത്യവേദിയുടെ മുണ്ടൂര്‍ കൃഷ്ണന് കുട്ടി പുരസ്കാരം, തൃശൂര്‍ സഹൃദയവേദിയുടെ നോവല്‍ പുരസ്കാരം, സംസ്കൃതി ചെറുകഥാ പുരസ്കാരം, കൃതി സാഹിത്യപുരസ്കാരം എന്നിവലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group