
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലുപുരക്കൽ ക്ഷേത്രത്തിന് തെക്ക് നാലുപുരക്കൽ വിധുരാജിന്റെ വീടിനു നേർക്കാണ് ആക്രമണം നടന്നത്.
വീടിന്റെ ടെറസിനു മുകളിൽ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തുക്കൾ, തോരണങ്ങൾ, സ്‌റ്റേജ് അലങ്കരിക്കുന്ന വിവിധ കരകൗശല വസ്തുക്കൾ എല്ലാം അഗ്‌നിക്കിരയായി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വിധുരാജ് പറഞ്ഞു. പുന്നപ്ര പോലിസിൽ പരാതി നൽകി.