
ഏ .കെ ശ്രീകുമാർ
കോട്ടയം : രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് എഴുനേറ്റ് നിൽക്കാൻ ജീവനില്ലാത്ത വിധം ചീറ്റിപ്പോയി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിക്കാനിടയായ സംഭവത്തിൻ്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരും ഉപയോഗിക്കാത്ത കെട്ടിടം എന്ന് ആരോഗ്യമന്ത്രി പറഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം മന്ദഗതിയിലായത്. കുളിക്കാനും മറ്റുമായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഈ കെട്ടിടം ഉപയോഗിക്കുമായിരുന്നു. ഇക്കാര്യം ഒന്നും പരിശോധിക്കാതെ ആരും ഉപയോഗിക്കാത്ത കെട്ടിടമെന്ന് പറഞ്ഞ് അപകടത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്
ഇടിഞ്ഞു വീണ കെട്ടിടത്തിനുളളില്‍ ഒരു സ്ത്രീ കുടുങ്ങിയത് 2 മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ അറിഞ്ഞത്. രണ്ട് മണിക്കൂറിന് ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദു.
അപകടം ഉണ്ടായ ഉടനെ കാര്യക്ഷമമായ പരിശോധന നടത്തിയിരുന്നുവെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കളും മറ്റ് രോഗികളും ഒന്നടങ്കം പറയുന്നത്. അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മകൾ പറഞ്ഞതോടെയാണ് കാര്യക്ഷമമായ അന്വേഷണം തുടങ്ങിയത്.
ബിന്ദുവിൻ്റെ മകള്‍ നവമി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകളുമായി ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി പതിനാലാം വാർഡില്‍ എത്തിയതായിരുന്നു ബിന്ദു. അപ്പോഴാണ് കെട്ടിടം തകർന്ന് വീണത്.
ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ വന്നത് കഴിഞ്ഞയാഴ്ചയാണ്. ഇതോടെയാണ് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ തകർച്ച മലയാളികൾ തിരിച്ചറിഞ്ഞത്.
പനിക്ക് നൽകാനുള്ള മരുന്ന് പോലും ഇല്ലാതെയാണ് മെഡിക്കൽ കോളേജുകളടക്കം പല ആശുപത്രികളും പ്രവർത്തിക്കുന്നത്. പട്ടി കടിച്ച് പേ പിടിച്ച് ചത്താലും പേ വിഷബാധയ്ക്കുള്ള വാക്സിൻ കിട്ടില്ലെന്നതാണ് വസ്തുത. ആരോഗ്യമന്ത്രി പരാജയമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ മുൻപ് വിളിച്ച് പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിയുടെ ശ്രമം മാധ്യമ ശ്രദ്ധ നേടുക മാത്രമാണെന്നും അദ്ദേഹം അന്ന് വിമർശിച്ചിരുന്നു
കഴിഞ്ഞ പിണറായി സർക്കാരിൽ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ് നേടിയ ശൈലജ ടീച്ചറിന്റെ ഏഴയലത്ത് വീണാ ജോർജ് എത്തുന്നില്ലെന്നാണ് പൊതുജനം പറയുന്നത്. വിണാ ജോർജിനെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും, കൂടിയാലോചനകൾ ഇല്ലന്നും മന്ത്രിയുടെ ജില്ലയിലെ എംഎൽഎ മാർ തന്നെ വിളിച്ച് പറയുന്ന സാഹചര്യവും മുൻപുണ്ടായിരുന്നു.
ചുരുക്കി പറഞ്ഞാൽ ഇനിയെങ്കിലും തള്ള് നിർത്തി ആരോഗ്യരംഗത്ത് കാര്യക്ഷമമായി മന്ത്രി വീണാ ജോർജ് ഇടപെടണം