കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകരുമ്പോൾ 5 കിലോമീറ്റർ അകലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും: സംഭവം നിസാരവത്കരിച്ച ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരേ പ്രതിഷേധം

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായ അപകടത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍ വിവാദമാകുന്നു. ഗുരുതരമായ അപകടം ഉണ്ടായിട്ടും അത് നിസ്സാരവല്‍ക്കരിക്കാന്‍ മന്ത്രി ശ്രമിച്ചു എന്നതാണ് ആരോപണം.
തകര്‍ന്നു വീണ കെട്ടിടം ഉപയോഗശൂന്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് മന്ത്രമാരായ വി എന്‍ വാസവന്റെയും വീണ ജോര്‍ജ്ജിന്റെയും ഭാഗത്തു നിന്നും ഉണ്ടായത്. ഇത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മേഖലാ തല വികസന അവലോകന യോഗം നടക്കുന്ന സമയത്താണു കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടമുണ്ടാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ് യോഗം സംഘടിപ്പിച്ചത്.

വിവിധ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, 4 ജില്ലകളിലെ കലക്ടര്‍മാര്‍ തുടങ്ങിയവരാണു മെഡിക്കല്‍ കോളജില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ തെള്ളകം ഡിഎം കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നത്.
അപകട വിവരം അറിഞ്ഞ ഉടന്‍ മന്ത്രിമാരായ വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലേക്ക് തിരിച്ചു. ആദ്യം തന്നെ അപകടം നിസാരവല്‍ക്കരിക്കാനുള്ള ശ്രമമാണു മന്ത്രിമാരും മെഡിക്കല്‍ കോളജ് അധികൃതരും നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യ കാലത്തെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്നലെ ശക്തമായ മഴ ഇവിടെ ഉണ്ടായിരുന്നു.
അതേസമയം ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്. ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമാണെന്ന് വി ടി ബല്‍റാം ആരോപിച്ചു. ആരോഗ്യമന്ത്രിയടക്കം രണ്ട് മന്ത്രിമാര്‍ സംഭവസ്ഥലത്ത് ഓടിയെത്തിയതാണ്. എന്നിട്ടും അപകടം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാനല്ല, ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീര്‍ത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു മന്ത്രിമാര്‍ക്ക് വ്യഗ്രത. യഥാര്‍ത്ഥത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ താളം തെറ്റിച്ചത് മന്ത്രിമാരുടെ ഈ അലസ സമീപനമാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് മകളുടെ ചികിത്സാര്‍ഥമെത്തിയ അമ്മയ്ക്കായിരുന്നു. തലയോലപ്പറമ്ബ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വൈകിയത്. അതേസമയം, അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി പരാതി ഉന്നയിച്ചതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച്‌ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് നവമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ചൊവ്വാഴ്ച അഡ്മിറ്റ് ആയി. രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. ഈ സമയത്താണ് കെട്ടിടം തകര്‍ന്നുവീണത്. നിര്‍മാണത്തൊഴിലാളിയായ വിശ്രുതനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. മകന്‍ നവനീത് എറണാകുളത്ത് എന്‍ജിനീയറാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ്

ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.