
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്‍റെ നിർമാണം നിലച്ചു. നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്താത്തതിനെത്തുടർന്നാണ് കരാറുകാരനെ ഒഴിവാക്കാൻ കിഫ്ബി അധികൃതർ തീരുമാനിച്ചത്.
ഇതു സംബന്ധിച്ച നോട്ടീസ് കിഫ്ബി അധികാരികള്‍ ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോണ്‍ കണ്‍സ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് കൈമാറി.
2024 ഫെബ്രുവരിയിലാണ് ബൈപാസ് നിർമാണം ആരംഭിച്ചത്. 2025 മാർച്ചില്‍ പൂർത്തിയാക്കുമെന്നാണ് പറഞ്ഞതെങ്കിലും റോഡിലെ പാറപൊട്ടിക്കലും മറ്റുമായി നിർമാണം വൈകിയതോടെ നാലു മാസത്തേക്ക് കരാർ നീട്ടിക്കൊടുത്തിരുന്നു. ഓരോ മാസത്തെയും നിർമാണപ്രവർത്തനങ്ങള്‍ വിലയിരുത്താൻ കിഫ്ബി അധികൃതർ തീരുമാനിച്ചിരുന്നു. എന്നാല്‍, നിർമാണപ്രവർത്തനങ്ങള്‍ എങ്ങുമെത്തിയില്ല. തുടർന്നാണ് കിഫ്ബിയുടെ നിർദേശപ്രകാരം കരാറുകാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
ദേശീയപാത 183ല്‍ പഞ്ചായത്ത് പടിക്കല്‍നിന്ന് ആരംഭിച്ച് ചിറ്റാര്‍ പുഴയ്ക്കും മണിമല റോഡിനും കുറുകേ നിര്‍മിക്കുന്ന പാലത്തിന്‍റെ, ദേശീയപാതയ്ക്ക് സമീപമുള്ള ആദ്യത്തെ തൂണിന്‍റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചിരുന്നു. നാല് പില്ലറുകളിലായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നത്. നിര്‍ദിഷ്‌ട പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് വെട്ടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാതയില്‍നിന്നു ബൈപാസിലേക്കു തിരിയുന്ന പഞ്ചായത്ത് ഓഫീസിനു മുന്പില്‍ റൗണ്ടാന നിർമിക്കാനായി മണ്ണും മാറ്റിയിരുന്നു. ഇവിടെനിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും മീതയുള്ള മേല്‍പ്പാലം നിർമിക്കുന്നത്. ബൈപാസ് അവസാനിക്കുന്ന ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ടാറിംഗ് ജോലികളുടെ ഭാഗമായി മെറ്റല്‍ നിരത്തുന്ന പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു.
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷനാണു പദ്ധതിയുടെ നിര്‍മാണച്ചുമതല. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുമ്പിലെ വളവില്‍നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്‍റെ ദൂരം 1.80 കിലോമീറ്ററാണ്.
റീടെൻഡർ ചെയ്യും:
ഡോ. എന്‍. ജയരാജ്
കരാര്‍ ലംഘനം നടത്തിയ ബാക്ബോണ്‍ കമ്പനിയെ ബൈപാസ് നിര്‍മാണത്തില്‍നിന്ന് ഒഴിവാക്കാനും റീടെൻഡര്‍ ചെയ്ത് മറ്റ് ഏതെങ്കിലും കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനും തീരുമാനിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയാണ് ആകെ അനുവദിച്ചിരുന്നത്. അതില്‍ സ്ഥലമേറ്റെടുക്കുന്നതിനായി ചെലവായത് 24.76 കോടി രൂപയാണ്. ബാക്കി തുക മുഴുവന്‍ ഈ പദ്ധതിക്കായി അനുവദിക്കുന്നതിന് കിഫ്ബിയില്‍ യാതൊരു തടസവുമില്ല.
എന്നാല്‍, ഫണ്ടില്ല എന്ന കാരണത്താലാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കുന്നത് എന്നുള്ള കരാറുകാരന്‍റെ വ്യാഖ്യാനം പൂര്‍ണമായും തെറ്റാണ്. നിലവില്‍ നിര്‍മാണപ്രവൃത്തികള്‍ക്കായി എസ്റ്റിമേറ്റ് തയാറാക്കിയത് പ്രകാരം 30 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതും ടെൻഡര്‍ ചെയ്തതും. പ്രസ്തുത തുക അംഗീകരിച്ച് ടെൻഡര്‍ സ്വീകരിച്ച ഗുജറാത്ത് സ്വദേശിയായ കമ്പനി ആരംഭം മുതല്‍ വളരെ മന്ദഗതിയിലായിരുന്നു നിര്‍മാണം നടത്തിവന്നത്. കിഫ്ബി മാനദണ്ഡപ്രകാരമുള്ള നിർമാണങ്ങള്‍ സമയബന്ധിതമായി നടക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ പരിശോധനയില്‍ ഓരോ ഘട്ടത്തിലും ടാര്‍ഗറ്റ് നേടാനാവാത്തതിനാല്‍ കമ്ബനിക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയതുമാണ്.
കരാറെടുത്ത കമ്ബനി അവര്‍ അംഗീകരിച്ച് ഒപ്പിട്ട കരാര്‍ പ്രകാരമുള്ള തുകയ്ക്ക് പുറമേ ആവശ്യപ്പെടുന്നതിന് യാതൊരു നിയമസാധുതയുമില്ല. നാളിതുവരെയുള്ള ബില്ലുകളെല്ലാം തന്നെ കിഫ്ബിയില്‍നിന്നു നല്‍കിക്കഴിഞ്ഞു. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം പുനരാരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായും ഡോ. എന്‍. ജയരാജ് പറഞ്ഞു.