
തിരുവനന്തപുരം: തൃശ്ശൂരിലെ മണ്ണൂത്തി നെല്ലങ്കരയില്‍ പോലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ അതിക്രൂര ആക്രമണം ഉണ്ടായപ്പോള്‍ കേരളാ പോലീസ് പ്രതികരിച്ചത് പ്രതികളെ ശരിക്കും കൈകാര്യം ചെയ്തു കൊണ്ടാണ്. ഈ പോലീസ് ലൈന്‍ കൈയടി നേടുകയും ചെയ്തു. ഗുണ്ടാവാഴ്ച്ച ഇല്ലായ്മ ചെയ്യാന്‍ കര്‍ശന നടപടി ആവശ്യമാണെന്നാണ് പൊതുസമൂഹം നിലപാട് സ്വീകരിച്ചത്. ഇതോടെ കേരളാ പോലീസും ശൈലി മാറ്റത്തിന്‍രെ പാതയിലാണ്.
ഗുണ്ടകളെ പിടികൂടാന്‍ പോകുമ്പോള്‍ പിസ്റ്റള്‍ കയ്യില്‍ കരുതണമെന്നും മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കാന്‍ തയാറായാല്‍ അവരെ കീഴ്‌പ്പെടുത്താനും സ്വയരക്ഷയ്ക്കും വെടിവയ്ക്കാന്‍ മടിക്കേണ്ടെന്നും പൊലീസിനു നിര്‍ദേശം ലഭിച്ചു. നിയമപ്രകാരം ഇത്തരം അവസരങ്ങളില്‍ പിസ്റ്റള്‍ ഉപയോഗിക്കാമെങ്കിലും പൊലീസില്‍ അതു കീഴ്വഴക്കമാക്കിയിരുന്നില്ല. തൃശൂരില്‍ കഴിഞ്ഞദിവസം ഗുണ്ടയുടെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടകള്‍ പരസ്പരം ഏറ്റുമുട്ടിയ ശേഷം പൊലീസ് സംഘത്തെ വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു.
2 പൊലീസ് വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. ഇവരെ കൂടുതല്‍ പൊലീസെത്തിയാണു കീഴ്‌പ്പെടുത്തിയത്. പിറ്റേദിവസം ഗുണ്ടകളെ കൈകാലുകള്‍ക്കു പരുക്കേറ്റ നിലയില്‍ പൊലീസ് ആശുപത്രിയിലെത്തിച്ചു. ‘ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചപ്പോള്‍ പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു’ എന്ന തൃശൂര്‍ കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ മറുപടിയും പ്രചരിച്ചിരുന്നു. ജനങ്ങളുടെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും പൊലീസിന് പിസ്റ്റള്‍ ഉപയോഗിക്കാമെന്നും പൊലീസിനെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ അപ്പോള്‍തന്നെ കൊടുക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരില്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന രാത്രി പട്രോളിങ് രീതി കേരളത്തിലാകെ നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി മുഴുവന്‍ ജില്ലാതലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു സ്‌ട്രൈക്കിങ് ടീമും സബ്ഡിവിഷന്‍ തലത്തില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു സ്‌ട്രൈക്കിങ് ടീമും സജ്ജമായിരിക്കും. ഇതു നടപ്പാക്കിയതിനാലാണു തൃശൂരിലെ ഗുണ്ടകളെ 15 മിനിറ്റിനുള്ളില്‍ പുതിയ പൊലീസ് സംഘത്തെ അയച്ച് കീഴ്‌പ്പെടുത്താന്‍ സാധിച്ചത്. 15 ദിവസം കൂടുമ്പോള്‍ വാറണ്ടുള്ളവരുടെയും ഗുണ്ടാ പട്ടികയില്‍ ഉള്ളവരുടെയും വീടുകളില്‍ പരിശോധന നടത്താനും നിര്‍ദേശിച്ചു. ഇത് കൂടാതെ ഗുണ്ടാ കേസുകളില്‍പെടുന്നവരെ കാപ്പ ചുമത്തി ഒരു വര്‍ഷം വരെ നാടുകടത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കാനും നിര്‍ദേശിച്ചു. കഴിഞ്ഞ 7 മാസത്തിനിടെ തൃശൂര്‍ ഡിഐജി 150 ഗുണ്ടകളെയാണ് കാപ്പ കേസില്‍ ജില്ലയ്ക്കു പുറത്താക്കിയത്. എസ്പിയുടെ റിപ്പോര്‍ട്ടില്‍ തൃശൂര്‍ കലക്ടര്‍ 110 പേരെ കരുതല്‍ തടങ്കലില്‍ അയച്ചു.