
ബമാകോ: മാലിയില്‍ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.
മാലിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.
സുരക്ഷിതമായ മോചനം വേഗത്തില്‍ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.
കായസിലെ ഡയമണ്ട് സിമന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ജൂലൈ ഒന്നിന് സായുധരായ ഒരു സംഘം ഫാക്ടറി വളപ്പില്‍ ആക്രമണം നടത്തിയാണ് മൂന്ന് ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം അല്‍ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമീൻ ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബമാകോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികൃതരുമായും പൊലീസുമായും ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്.