ഇന്ത്യയിലെ തുടർച്ചയായ ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിനല്ല; ഐസിഎംആർ, എയിംസ് പഠന റിപ്പോർട്ട് പുറത്ത്

Spread the love

ന്യൂഡൽഹി: ഇന്ത്യയിൽ ഹൃദയാഘാതം മൂലമുള്ള തുടർച്ചയായ മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിനുകൾക്ക് ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

മരണങ്ങൾ സംഭവിക്കുന്നത് വ്യക്തികളുടെ നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും അടിസ്ഥാനത്തിൽ ആണെന്നാണ് റിപ്പോർട്ട്. ഐസിഎംആറും ഡൽഹിയിലെ എയിംസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

യുവാക്കളിലും മധ്യവയസ്കരിലുമുണ്ടാകുന്ന അപ്രതീക്ഷിത മരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് പുതിയ വിലയിരുത്തല്‍. കോവിഡ് വാക്സിൻ മൂലമാണ് മരണം സംഭവിക്കുന്നതെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന കാര്യവും ഐസിഎംആറും നാഷണല്‍ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഗുരുതരമായ പാർശ്വഫലങ്ങൾ അത്യന്തം അപൂർവമാണെന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ 21 ഹൃദയാഘാത മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരുന്നു.

ഹൃദയാഘാതങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോവിഡ് വാക്‌സിന് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സമീപകാല പ്രതികരണം.