തിരിച്ചറിയാം അമ്മ മനസ്സിലെ ആകുലതകള്‍; സ്നേഹവും കരുതലും കൊണ്ട് അമ്മയെയും കുഞ്ഞിനെയും ചേർത്ത് പിടിക്കാം

Spread the love

നീ മാത്രമല്ല പ്രസവിച്ചത് ഞാനും പ്രസവിച്ചതാണ്. ഇത് കേൾക്കാത്ത സ്ത്രീകൾ വിരളമായിരിക്കും. ഗർഭിണി ആവുന്നത് മുതൽ പ്രസവം കഴിഞ്ഞ് കുഞ്ഞ് വളരുന്ന ഓരോ ഘട്ടത്തിലും ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഊഹിക്കാവുന്നതിനു അപ്പുറമാണ്.

പ്രതീക്ഷകളും ആവേശവും ആനന്ദവും സാഫല്യവും മനസ്സിൽ നിറയുന്നതിനോടൊപ്പംതന്നെ ഉത്കണ്ഠയും അസ്വസ്ഥതകളും നിരാശയും ആശയക്കുഴപ്പങ്ങളും കുറ്റബോധവും കടന്നുകയറ്റം നടത്തിയേക്കാം. അതിന്റെ തോത് പലരിലും പല തരത്തിലായിരിക്കും എന്നുമാത്രം. ഗർഭകാലത്ത് തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ, ഗർഭകാലത്തും പ്രസവശേഷവും സെക്സ് ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ, ജീവിതാനുഭവങ്ങൾ, ചുറ്റുപാടുകൾ എന്നിവയെല്ലാം വൈകാരിക മാറ്റങ്ങൾക്ക് ചരട് വലിക്കുന്നു.

ഈ സമയം അമ്മമാരുടെ മനസ്സ് ചെറുതും വലുതുമായ സമ്മർദങ്ങൾക്കും മാനസികരോഗാവസ്ഥകൾക്കും പെട്ടെന്ന് വിധേയമായേക്കാം. എന്നാൽ വലിയൊരു ശതമാനം സ്ത്രീകൾക്കും പ്രസവാനുബന്ധമായുണ്ടാകുന്ന മാനസികപ്രശ്നങ്ങൾ മറികടക്കാൻ ശരിയായ സഹായമോ പരിഗണനയോ കിട്ടാതെപോകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണികളായ ആയിരം സ്ത്രീകളെയെടുക്കുകയാണെങ്കിൽ, അവരിൽ ഒന്നോ രണ്ടോ പേർക്കെങ്കിലും പ്രസവാനന്തരം ആദ്യത്തെ നാലാഴ്ചക്കുള്ളിൽതന്നെ വൈകാരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം. ചിലരെല്ലാം ഗർഭകാലത്തുതന്നെ ഉത്കണ്ഠയും ഉറക്കമില്ലായ്മയും അനുഭവിക്കാറുണ്ട്. പലരിലും പ്രസവിച്ച് രണ്ടാംദിനം മുതലാണ് അസ്വാസ്ഥ്യങ്ങൾ പ്രത്യക്ഷപ്പെടുക.

ഇരുപത്തഞ്ചുവയസ്സിന് താഴെയുള്ള അമ്മമാരിൽ നൂറുപേരെയെടുത്താൽ എൺപതിലധികംപേരിലും ഇത്തരം ഭാവമാറ്റങ്ങൾ ഉണ്ടാകാറുണ്ട്.അപ്രതീക്ഷിതമായും വളരെ പെട്ടെന്നും അമ്മമാർക്കുണ്ടാകുന്ന ഈ വൈകാരിക പ്രശ്നങ്ങൾ മറ്റുള്ളവർക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയില്ല. സ്ത്രീകൾ അവരുടെ യഥാർഥ പെരുമാറ്റത്തിൽനിന്നും വ്യക്തിത്വത്തിൽനിന്നും വല്ലാതെ മാറിയതായി പുറമേയുള്ളവർക്ക് തോന്നും.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ (Postpartum Depression)

പ്രസവശേഷം ഏറ്റവും കൂടുതലായി കാണപ്പെടുന്ന മാനസികവസ്ഥയാണിത്. കുഞ്ഞുണ്ടായി രണ്ടോ മൂന്നോ ദിവസങ്ങൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകും. എപ്പോഴുമുള്ള സങ്കടാവസ്ഥ, ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോടുപോലും തോന്നുന്ന താത്പര്യമില്ലായ്മ, കഠിനമായ ക്ഷീണവും തളർച്ചയും, ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലായ്മ, സഹായിക്കാനാരുമില്ലെന്ന തോന്നൽ, സ്വയംമതിപ്പില്ലായ്മ, മരണചിന്തകൾ, ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിങ്ങനെ സാധാരണ വിഷാദരോഗത്തിന്റെ പ്രശ്നങ്ങൾ ഇവിടെയും പ്രകടമാകും.

അതോടൊപ്പം നവജാതശിശുവുമായി ബന്ധപ്പെട്ട അശുഭ ചിന്തകൾ, കുഞ്ഞിന്റെ സംരക്ഷണത്തെയും പരിചരണത്തെയുംകുറിച്ചുള്ള ആധിയും പരിഭ്രമവും, അമ്മയെന്ന നിലയിൽ തന്റെ കഴിവില്ലായ്മകളെക്കുറിച്ചുള്ള ആശങ്കയും കുറ്റബോധവുംകൂടി ചേർന്നാലത് പോസ്റ്റ്പാർട്ടം ഡിപ്രഷനായി. നൂറിൽ പതിനഞ്ച് അമ്മമാരും ഈ അവസ്ഥയ്ക്ക് കീഴ്പ്പെടാറുണ്ട്.
സാധാരണ ആറുമാസംവരെ നീണ്ടുനിൽക്കാവുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷന് മതിയായ ചികിത്സ നൽകിയില്ലെങ്കിൽ പ്രശ്നം ഗുരുതരമായേക്കാം.

അങ്ങനെയുള്ളവരിൽ ഒരുവർഷമോ അതിലധികമോ ഈയവസ്ഥ നീണ്ടുനിൽക്കാം. ഗർഭാവസ്ഥയിലോ അതിനുമുൻപോ വിഷാദരോഗമുണ്ടായവർക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ചുശതമാനം കൂടുതലാണ്. ഒരുതവണ പോസ്റ്റ്പാർട്ടം ഡിപ്രഷൻ വന്നിട്ടുള്ളവർക്ക് അടുത്ത പ്രസവത്തോടനുബന്ധിച്ചും ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യത അമ്പതുശതമാനം അധികമാണ്. ചേർത്തു പിടിക്കാം നമുക്ക് അവരെ.

പോസ്റ്റ്പാര്‍ട്ടം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ (Postpartum PTSD)

അഞ്ചുശതമാനത്തോളം അമ്മമാരില്‍ പ്രസവാനന്തരം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ കാണപ്പെടാറുണ്ട്. ഭയാശങ്കകളും പിരിമുറുക്കവും പേടിസ്വപ്നങ്ങളുമെല്ലാമായി വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന, ആഴ്ചകളോളം നീണ്ടുനില്‍ക്കാവുന്ന അവസ്ഥയാണിത്. ഓരോ ഗര്‍ഭകാലത്തും പ്രസവശേഷവും ആവര്‍ത്തിച്ചുണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥയാണിത്. പ്രസവത്തെ അകാരണമായി പേടിക്കുന്ന ടോക്കോഫോബിയ (Tokophobia) എന്ന അവസ്ഥവരെ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡറിന്റെ അനന്തര ഫലമായി ഉണ്ടാകാറുണ്ട്.

പോസ്റ്റ്പാര്‍ട്ടം ഒബ്‌സെസ്സിവ് കംപല്‍സിവ് ഡിസോര്‍ഡര്‍ (Postpartum OCD)

ഗര്‍ഭകാലത്ത് തുടങ്ങി പ്രസവശേഷമുള്ള ആദ്യത്തെ ആറാഴ്ച വരെ ഒ.സി.ഡി. പ്രകടമാകാറുണ്ട്. കൂടെക്കൂടെ തികട്ടിവരുന്ന, അപ്രിയമായ, അമര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുന്ന, നിയന്ത്രണാതീതമായ ചിന്തകളാണിവിടെ (obsession) വില്ലന്‍. ഈ ചിന്തകളെ തടയാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെട്ടേക്കാം. അങ്ങനെയുണ്ടാക്കുന്ന ഉത്കണ്ഠയില്‍ നിന്ന് രക്ഷനേടാന്‍ ചില പ്രവൃത്തികള്‍ ആവര്‍ത്തിച്ച് ചെയ്യും (Compulsion).

കുഞ്ഞുറങ്ങുമ്പോള്‍ പുതപ്പ് മുഖത്തുവീണ് കുഞ്ഞിന് ശ്വാസംമുട്ടുമോ എന്ന ചിന്ത വരുന്ന അമ്മ തുടരെത്തുടരെ പുതപ്പ് ശരിയായ രീതിയിലാണോ എന്ന് നോക്കുന്നത് ഒബ്‌സഷനും കംപല്‍ഷനും ഉദാഹരണമാണ്. സ്വാഭാവിക ജീവിതത്തിന് തടസ്സമാകുമ്പോഴാണ് ഇതിനെയൊരു രോഗാവസ്ഥയായി ഗണിക്കുന്നത്. ഉദാഹരണത്തിന്, കുഞ്ഞുറങ്ങുമ്പോഴെല്ലാം കുഞ്ഞിന് കാവലിരുന്ന് സ്വന്തം കാര്യങ്ങളൊന്നും ചെയ്യാനോ ഭക്ഷണം കഴിക്കാനോ പോലും അമ്മയ്ക്ക് സാധിക്കാതെ വരുമ്പോള്‍.

കുഞ്ഞുമായി ബന്ധപ്പെട്ട ഒബ്‌സെഷനുകളാണ് പോസ്റ്റ്പാര്‍ട്ടം ഒ.സി.ഡി.യില്‍ പൊതുവേ കാണാറുള്ളത്്. കുഞ്ഞിനെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടം സംഭവിക്കുമോ, മുലയൂട്ടുമ്പോള്‍ കുഞ്ഞിന് ശ്വാസതടസ്സമുണ്ടാകുമോ, കുഞ്ഞിനെയെടുക്കുമ്പോള്‍ കൈയില്‍നിന്ന് താഴെ വീണാലോ തുടങ്ങിയ ചിന്തകള്‍ കടന്നുവരാം.

ചിലരില്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകളില്‍ സ്വന്തം ലൈംഗികതയ്ക്ക് തടസമാകുമോ എന്ന ഭയവും അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. കുഞ്ഞ് തനിക്ക് ഉപദ്രവമുണ്ടാക്കുമെന്നും കുഞ്ഞിന്റെ ശരീരത്തില്‍ പിശാച് ബാധിച്ചിരിക്കുകയാണെന്നുമൊക്കെയുള്ള ചിന്തകളും ഗുരുതരമാണ്. ഇത്തരം ആശങ്കകളും കുറ്റബോധവും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചേക്കാം. ചിലരെല്ലാം ഇത്തരം ചിന്തകള്‍മൂലം കുഞ്ഞിനെ തൊടാനും താലോലിക്കാനും പരിപാലിക്കാനും വിസമ്മതിക്കുകയോ കുഞ്ഞിനെ ഉപദ്രവിക്കുകയോ കൊലപ്പെടുത്താന്‍ ശ്രമിക്കുകയോപോലും ചെയ്തെന്നുവരാം.

സ്വന്തം മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാനും പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാനും സാധ്യമായ ഒരവസ്ഥയിലായിരിക്കില്ല പ്രസവശേഷം അധികപേരും. പുതിയ ഉത്തരവാദിത്വങ്ങളും ഉറക്കമില്ലായ്മയും താളംതെറ്റിയ ദിനചര്യകളുമെല്ലാം അവരെ പരിക്ഷീണിതരാക്കും. കുടുംബാംഗങ്ങളുടെ കരുതലുണ്ടെങ്കില്‍ മാത്രമേ പ്രസവാനന്തര വൈകാരികപ്രശ്നങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനുമാകൂ. അതുകൊണ്ടുതന്നെ ഗര്‍ഭിണിയും പങ്കാളിയും അടുത്ത കുടുംബാംഗങ്ങളും പ്രസവാനുബന്ധിയായ മാനസിക പ്രശ്നങ്ങളെക്കുറിച്ച് അറിവ് ശേഖരിക്കാന്‍ ആദ്യമേ ശ്രമിക്കണം.

കുഞ്ഞിന്റെയും അമ്മയുടെയും പരിചരണത്തില്‍ അച്ഛന്റെ പങ്ക് ഉറപ്പാക്കാണം. പങ്കാളിയുടെ സാന്നിധ്യവും പരിഗണനയും അമ്മയുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുമെന്ന് പുരുഷന്മാര്‍ തിരിച്ചറിയുക.