അധ്യാപകൻ വഴക്കുപറഞ്ഞു; മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Spread the love

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ അധ്യാപകൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് 10-ാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ജയ് ബജ്‌രംഗ് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാതിരുന്നതിനെ തുടർന്ന് വിവേകിനെ അധ്യാപകൻ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികളും പരിഹസിച്ചു. അധ്യാപകൻ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതി പറയുമെന്നും താക്കീത് ചെയ്തുവെന്ന് എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു. ‘നീ പഠിക്കുന്നില്ലെന്ന് ഞാൻ മാതാപിതാക്കളോട് പറയും,” എന്ന് അധ്യാപകൻ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതിൽ അപമാനിതനായ വിവേക് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

“ഞാൻ തൂങ്ങിമരിക്കുന്നു… കാരണം സൂര്യവംശി ടീച്ചർ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു” എന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിവേക് കുറിച്ചത്. വിദ്യാർത്ഥിയുടെ മരണശേഷം, സംഘടിച്ചെത്തിയ നാട്ടുകാർ അധ്യാപകനെ മർദിച്ചു. അധ്യാപകൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group