വാഹനങ്ങളുടെ നടുവൊടിക്കുന്ന വഴി : വാലടി വഴി കാവാലത്തേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി: ജനങ്ങൾ ബുദ്ധിമുട്ടുന്നു

Spread the love

കാവാലം: തകര്‍ന്നുകിടക്കുന്ന മുളയ്‌ക്കാംതുരുത്തി- വാലടി-കൃഷ്‌ണപുരം-കാവാലം റോഡില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസുകള്‍ നിര്‍ത്തി.
ജനങ്ങള്‍ കടുത്ത യാത്രാദുരിതത്തില്‍. ചങ്ങനാശേരി ഡിപ്പോ ഈ റൂട്ടിലൂടെ കാവാലത്തേക്ക്‌ നടത്തി വന്നിരുന്ന സര്‍വീസുകളാണ്‌ നിര്‍ത്തിയത്‌.

പകരം പറാല്‍, കുമരങ്കരി വഴി നാരകത്ര വരെയും കുറിച്ചി, കൈനടി വഴി കാവാലത്തേക്കും സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും യാത്രാക്ലേശം പരിഹരിക്കാന്‍ പര്യാപ്‌തമല്ലെന്ന്‌ പരാതിയുണ്ട്‌. മുളയ്‌ക്കാംതുരുത്തി പാലം മുതല്‍ വാലടി ജങ്‌ഷന്‍ വരെയുള്ള റോഡ്‌ പൂര്‍ണമായും തകര്‍ന്നുകിടക്കു കയാണ്‌.

ഇവിടെ നിരന്തരം ഓടിയ പല ബസുകള്‍ക്കും തകരാറുകള്‍ സംഭവിച്ച സാഹചര്യത്തിലാണ്‌ സര്‍വീസുകള്‍ ചങ്ങനാശേരി ഡിപ്പോ നിര്‍ത്തിവച്ചത്‌. കുഴികളടച്ച്‌ നല്‍കാനെങ്കിലും നടപടി ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്‌ഥ വരില്ലായിരുന്നെന്ന്‌ നാട്ടുകാര്‍ പറയുന്നു. നാരകത്ര ജങ്‌ഷന്‍ മുതല്‍ കൃഷ്‌ണപുരം ക്ഷേത്രം വരെയുള്ള ഭാഗം വെള്ളംകയറി യാത്ര തടസപ്പെട്ട സാഹചര്യമാണ്‌. നിരവധി കുഴികളും രൂപപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കേ ചേന്നങ്കരി, കൃഷ്‌ണപുരം, വെളിയനാട്‌, നാരായണക്കല്ല്‌, കൊച്ചുകാവാലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ്‌ ഏറ്റവും ബുദ്ധിമുട്ടുന്നത്‌. കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍നിന്ന്‌ കാവാലത്തേക്ക്‌ നടത്തിയിരുന്ന സ്‌റ്റേ ബസ്‌ സര്‍വീസുകളും ഒരു മാസത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്‌.

സ്‌റ്റേ റൂമിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതിനാല്‍ അതിരാവിലെയും രാത്രി വൈകിയും വലിയതോതില്‍ പണം ചെലവഴിച്ച്‌ ഓട്ടോറിക്ഷകളിലും മറ്റും യാത്ര ചെയ്യേണ്ട അവസ്‌ഥയിലാണ്‌ ജനങ്ങള്‍. റോഡുകളുടെ ശോച്യാവസ്‌ഥയ്‌ക്ക് താല്‍ക്കാലിക പരിഹാരമെങ്കിലും ഉണ്ടാകാന്‍ കുട്ടനാട്‌ എം.എല്‍.എയും പി.ഡബ്‌ള്യൂ.ഡി അധികൃതരും ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്‌തമായിട്ടുണ്ട്‌.