
കാസർകോട്: സുഭിക്ഷാ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ നിരക്ക് വർദ്ധിപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച ‘സുഭിക്ഷ’ ഹോട്ടലുകളിലാണ് ഉച്ചഭക്ഷണത്തിന്‍റെ വില 20 രൂപയിൽ നിന്നും 30 രൂപയായി വർദ്ധിപ്പിച്ചത്.
കുടുംബശ്രീ ജനകീയ ഹോട്ടലുകളിലേതുപോലെ ‘സുഭിക്ഷ’ ഹോട്ടലുകളിലും ഉച്ചഭക്ഷണത്തിന് 30 രൂപയായി വില നിശ്ചയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ ചെയ്തിരുന്നു.
എന്നാൽ അതേസമയം, പ്രാരംഭ ചെലവിനായി ഹോട്ടലുകൾക്ക് അനുവദിച്ച തുക കുറച്ചു. നേരത്തെ ഓരോ ഹോട്ടലിനും അനുവദിച്ചിരുന്നത് 10 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ അത് ഏഴ് ലക്ഷം രൂപയായി ചുരുക്കി. ഓരോ ജില്ലയിലും ഒന്നിലധികം ഹോട്ടലുകൾ ആരംഭിക്കാൻ ശുപാർശകൾ ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഹോട്ടലുകളുടെ തുടർ പ്രവർത്തനത്തിന് ആവർത്തനച്ചെലവിനത്തില്‍ ദ്വൈമാസാടിസ്ഥാനത്തില്‍ അനുവദിക്കുന്ന വൈദ്യുതിനിരക്ക് 2000 രൂപയായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചു. സബ്സിഡി നിരക്കിലുള്ള അരി യഥാസമയം ലഭിക്കാത്തത് ‘സുഭിക്ഷ’ ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ജനകീയ’ ഹോട്ടലുകൾക്ക് സമാനമായ മറ്റൊരു പതിപ്പാണ് ‘സുഭിക്ഷ’.