നൂറു വർഷം പഴക്കമുള്ള കെട്ടിടം: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പാറത്തോട് പോസ്റ്റ് ഓഫീസ്; ഉദ്യോഗസ്ഥരും പൊതുജനങ്ങളും ദുരിതത്തിൽ

Spread the love

കോട്ടയം: ഏകദേശം നൂറുവർഷങ്ങൾക്ക് മുമ്പ് അഞ്ചല്‍ ആപ്പീസ്‌ ആയി ആരംഭിച്ച അതേ കെട്ടിടത്തിലാണ് പാറത്തോട് പോസ്റ്റ് ഓഫീസ് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്നത്.

മഴ പെയ്താൽ ഓഫീസ് മുറികളില്‍ വെള്ളം കയറി തപാല്‍ സാധനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കേടാകുന്നത് പതിവാണ്. ഷീറ്റും മേഞ്ഞ ചെറിയ മുറികള്‍ ഏകദേശം 300 സ്‌ക്വയര്‍ ഫീറ്റ്‌ സ്‌ഥലം മാത്രമാണുള്ളത്. പത്തോളം സ്‌റ്റാഫുകളും അതുപോലെതന്നെ 10 എം.പി.കെ.വൈ. ഏജന്റുമാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്‌.

ഓഫീസിൽ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിന്നു തിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കൂടാതെ ഓഫീസ് പൊടിപടലങ്ങൾ നിറഞ്ഞ് വൃത്തിഹീനമായതിനാൽ ഇവിടെ വന്നു പോകുന്നവർക്കും ഉദ്യോഗസ്ഥർക്കും ജലദോഷം അടക്കമുള്ള അസുഖങ്ങൾ പിടിപെടുന്നു. അതേസമയം, ഇഴ ജന്തുക്കളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും താവളമായിരിക്കുന്ന ഈ ഓഫീസിൻറെ പരിതാപകരമായ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പോസ്‌റ്റ് ഓഫീസുകള്‍ നല്ല കെട്ടിടത്തില്‍ പ്രവർത്തിക്കുമ്പോൾ പാറത്തോട്‌ പോസ്‌റ്റ് ഓഫീസിനോട്‌ അധികാരികള്‍ നിസംഗതയാണ്‌ കാണിക്കുന്നത്‌.

ഈ അവസ്‌ഥയ്‌ക്ക് മാറ്റംവരുത്തി പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റി സ്‌ഥാപിക്കാന്‍ അധികാരികള്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്ന്‌ പാറത്തോട്‌ വികസന സമിതി ചെയര്‍മാന്‍ ഹാജി പി.എം തമ്പിക്കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അധികാരികളോട്‌ ആവശ്യപ്പെട്ടു.